ന്യൂഡൽഹി: യുഎസിന് പിന്നാലെ മെക്സിക്കോയും ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രാദേശിക വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മെക്സിക്കോ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ താരിഫ് നിരക്കുകൾ 2026 മുതൽ പ്രാബല്യത്തിൽ വരും.
മെക്സിക്കൻ സെനറ്റ് അംഗീകരിച്ച നിർദ്ദേശമനുസരിച്ച്, നിർദിഷ്ട ഉൽപ്പന്നങ്ങൾക്ക് 50% വരെ താരിഫ് ചുമത്തും. ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവ ഉൾപ്പെടുന്നു. ഓട്ടോ പാർട്‌സ്, തുണിത്തരങ്ങൾ, സ്റ്റീൽ, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ ഏകദേശം 1,400 ഇനങ്ങൾക്ക് ഈ വർദ്ധിപ്പിച്ച താരിഫ് ബാധകമാകും. പല ഉൽപ്പന്നങ്ങൾക്കും 35% വരെ താരിഫ് വർദ്ധിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഇല്ലാത്ത രാജ്യങ്ങളെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുക.
തങ്ങളുടെ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് സ്വീകരിച്ച സമാനമായ നടപടികളെ മാതൃകയാക്കിയാണ് മെക്സിക്കോ ഈ നീക്കം നടത്തിയത്. കൂടാതെ, ധനക്കമ്മി പരിഹരിക്കാനും അധിക വരുമാനം (ഏകദേശം $3.76 ബില്യൺ) നേടാനും ഈ താരിഫ് വർദ്ധനവ് മെക്സിക്കോയെ സഹായിക്കുമെന്നും, യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ചില സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും, ഈ താരിഫ് വർദ്ധനവിനെ ബിസിനസ് ഗ്രൂപ്പുകൾ ശക്തമായി എതിർത്തിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുമ്പ് താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mexico follows US: 50% tariff on countries that India sees; effective from 2026






