സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും വഴിയുള്ള ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തിന് വലിയ ബാധ്യതയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 39,230 കോടി രൂപയാണ് ഇത്തരത്തിലുള്ള ഓഫ് ബജറ്റ് കടബാധ്യത. സംസ്ഥാനത്തിൻ്റെ ധനമാനേജ്മെൻ്റിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായും, തീർപ്പാക്കാനുള്ള ബാധ്യതകൾ മാത്രം 3,511 കോടി രൂപയായി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് (Consolidated Fund) ക്രമരഹിതമായി വകമാറ്റിയതായി സിഎജി കണ്ടെത്തി. സംസ്ഥാനത്തിൻ്റെ റവന്യൂ കമ്മിയും ധനക്കമ്മിയും യഥാർത്ഥ അളവിലും കുറച്ചുകാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ വകമാറ്റൽ നടന്നതെന്നാണ് റിപ്പോർട്ടിലെ വിമർശനം. മുൻ സർക്കാരിൻ്റെ കാലത്തെ ധനവിനിയോഗത്തിലെ സുതാര്യതയില്ലായ്മയിലേക്കും ഭരണപരമായ വീഴ്ചകളിലേക്കും വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ.
സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിൻ്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി ഉയർന്നപ്പോൾ റവന്യൂ വരവിൽ 0.30 ശതമാനത്തിൻ്റെ നേരിയ വളർച്ച മാത്രമാണ് ഉണ്ടായത്. അതേസമയം കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിൻ്റെ വൻ കുറവുണ്ടായപ്പോൾ സംസ്ഥാനത്തിൻ്റെ ചെലവ് 8.97 ശതമാനം വർദ്ധിച്ചു. റവന്യൂ ചെലവിൻ്റെ 64.40 ശതമാനവും ആകെ റവന്യൂ വരവിൻ്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി മാത്രം വിനിയോഗിക്കേണ്ടി വരുന്നുവെന്നും റിപ്പോർട്ട് അടിവരയിടുന്നു.
262 crores diverted from Chief Minister’s Relief Fund; CAG report exposes financial lapses of previous government
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





