ഒട്ടാവ: കാനഡയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് കാനഡ’ (Order of Canada) പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാർക്ക് ഇരട്ടി മധുരം. വിദ്യാഭ്യാസ, പൊതുജനാരോഗ്യ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫസർ പ്രവീൺ കെ. ജയിൻ, പ്രൊഫസർ ചന്ദ്രകാന്ത് പദംഷി ഷാ എന്നിവരെയാണ് ഈ ബഹുമതി നൽകി രാജ്യം ആദരിച്ചത്. ഗവർണർ ജനറൽ മേരി സൈമൺ ആണ് ബുധനാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 80 പേരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്.
ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് പ്രൊഫസറാണ് ഇന്ത്യൻ വംശജനായ പ്രൊഫസർ പ്രവീൺ കെ. ജയിൻ. നൂറിലധികം ഗവേഷകർക്ക് വഴികാട്ടിയായ ജയിൻ, വൈദ്യുത ഊർജ്ജ സംസ്കരണ രംഗത്തെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾക്കാണ് ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് കാനഡ’ പദവിക്ക് അർഹനായത്.
ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഡല്ല ലാന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ എമിരറ്റസാണ് പ്രൊഫസർ ചന്ദ്രകാന്ത് പദംഷി ഷാ. കാനഡയിലെ പൊതുജനാരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഷാ, തദ്ദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കാനഡയിലെ പൗരത്വ പരീക്ഷ പരിഷ്കരിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പുതിയ പുരസ്കാര ജേതാക്കളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അഭിനന്ദിച്ചു. “നിങ്ങളുടെ സംഭാവനകൾ കൂടുതൽ ഊർജ്ജസ്വലവും ശക്തവുമായ ഒരു കാനഡയെ കെട്ടിപ്പടുക്കാൻ സഹായിച്ചു,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. 1967-ൽ സ്ഥാപിതമായ ഓർഡർ ഓഫ് കാനഡ ബഹുമതി ഇതുവരെ 8,250-ലധികം പേർക്ക് ലഭിച്ചിട്ടുണ്ട്. കാനഡയുടെ സാമൂഹികവും ശാസ്ത്രീയവുമായ വളർച്ചയ്ക്ക് കരുത്തുപകരുന്ന വ്യക്തികളെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
2 India-born scientists appointed to Canada’s highest honours list



