ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപം ബെകാസി തിമൂർ സ്റ്റേഷനിൽ തിങ്കളാഴ്ച ഉണ്ടായ ട്രെയിൻ അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കമ്മ്യൂട്ടർ ട്രെയിനിൽ നിന്ന് ചൊവ്വാഴ്ച രാവിലെയോടെ മുഴുവൻ മൃതദേഹങ്ങളും പുറത്തെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കമ്മ്യൂട്ടർ ട്രെയിനിന്റെ പിന്നിലെ ബോഗിയിലേക്ക് ദീർഘദൂര ട്രെയിൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സ്ത്രീകൾക്ക് മാത്രമായി നീക്കിവെച്ച ബോഗിയിലാണ് ട്രെയിൻ ഇടിച്ചത്.
അപകടത്തിൽ പരിക്കേറ്റ 84 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക റെയിൽവേ കമ്പനിയായ പിടി കെരേത ആപ്പി ഇന്തോനേഷ്യയുടെ സിഇഒ ബോബി റാസിദിൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ദീർഘദൂര ട്രെയിനായ അർഗോ ബ്രോമോ ആംഗ്രെക്കിലെ 240 യാത്രക്കാരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായതായും തകർന്ന ബോഗികൾക്കുള്ളിൽ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി മുഹമ്മദ് സയാഫി അറിയിച്ചു.
മറ്റൊരു കമ്മ്യൂട്ടർ ട്രെയിൻ ടാക്സിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലേക്കാണ് ദീർഘദൂര ട്രെയിൻ ഇടിച്ചുകയറിയതെന്ന് ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ബോബി റാസിദിൻ വ്യക്തമാക്കി. ജക്കാർത്ത പോലീസ് ചീഫ് അസെപ് എഡി സുഹേരി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
14 dead, 84 injured in Indonesia train collision; all women dead
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



