ടൊറന്റോ: ഒന്റാരിയോയിൽ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി പുതിയ നിയമങ്ങളും നയമാറ്റങ്ങളും ഈ സെപ്റ്റംബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്നു. വാടക നിയമങ്ങൾ, സ്കൂൾ പരീക്ഷാ രീതികൾ, ട്യൂഷൻ ഫീസ്, ഹൈവേ വേഗത, പൊതുഗതാഗത നിരക്കുകൾ, ആരോഗ്യ മേഖല തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ പരിഷ്കാരങ്ങളാണ് പ്രവിശ്യാ സർക്കാർ നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് ഒന്റാറിയോ സാക്ഷ്യം വഹിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിർബന്ധിത എഴുത്ത് പരീക്ഷകളും ഹാജരിനും ക്ലാസിലെ പങ്കാളിത്തത്തിനും പ്രത്യേക മാർക്കും ഏർപ്പെടുത്തി. ഹാജർ അൺഎക്സ്ക്യൂസ്ഡ് ആയി 10 ശതമാനത്തിൽ താഴെയായാൽ മാർക്കിനെ അത് നേരിട്ട് ബാധിക്കും. കൂടാതെ, പത്താം ക്ലാസിലെ കരിയർ സ്റ്റഡീസിന്റെ ഭാഗമായി ഫിനാൻഷ്യൽ ലിറ്ററസി പാസാകണമെന്ന നിയമവും നിലവിൽ വന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏഴു വർഷത്തെ ട്യൂഷൻ ഫീസ് മരവിപ്പിക്കൽ അവസാനിപ്പിച്ച് പ്രതിവർഷം 2 ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകി. കൂടാതെ ഓസാപ്പ് (OSAP) സാമ്പത്തിക സഹായത്തിൽ ഗ്രാന്റുകളുടെ വിഹിതം 25 ശതമാനമായി ചുരുക്കി 75 ശതമാനവും തിരിച്ചടക്കേണ്ട വായ്പകളാക്കി മാറ്റി.
വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ നിർണായകമായ പുതിയ റസിഡൻഷ്യൽ ടെനൻസീസ് ആക്ട് ഭേദഗതികൾ സെപ്റ്റംബർ 21 മുതൽ നിലവിൽ വരും. വാടക കുടിശ്ശിക വരുത്തുന്നവർക്കുള്ള എൻ4 നോട്ടീസ് കാലാവധി 14 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. ആറു മാസത്തിനുള്ളിൽ മൂന്നു തവണയിൽ കൂടുതൽ വാടക നൽകാൻ വൈകിയാൽ അത് തുടർച്ചയായ കുടിശ്ശികയായി കണക്കാക്കി ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാം. അതേസമയം, അറ്റകുറ്റപ്പണികളുടെ പേരിൽ വാടകക്കാരെ ഒഴിപ്പിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളും പുതിയ ഭേദഗതി ഉറപ്പുനൽകുന്നുണ്ട്.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
ഗതാഗത രംഗത്ത് പ്രവിശ്യയിലെ 89 ശതമാനം ഹൈവേകളിലും പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 110 കിലോമീറ്ററായി ഉയർത്തും. സെപ്റ്റംബർ 30-ഓടെ പ്രമുഖ ഹൈവേകളിലെല്ലാം പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. പൊതുഗതാഗത സംവിധാനമായ ടിടിസിയിൽ (TTC) ഡിജിറ്റൽ പേയ്മെന്റുകൾ വഴി മാസം 47 യാത്രകൾ പൂർത്തിയാക്കുന്നവർക്ക് തുടർന്നുള്ള യാത്രകൾ സൗജന്യമാക്കുന്ന ഫെയർ കപ്പിംഗ് സിസ്റ്റം ആരംഭിച്ചു. എന്നാൽ ഗോ ട്രെയിനുകളിലും യുപി എക്സ്പ്രസിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴത്തുക ആദ്യ തവണ തന്നെ 35 ഡോളറിൽ നിന്ന് 200 ഡോളറായി വലിയ തോതിൽ വർദ്ധിപ്പിച്ചു. ഇതിനുപുറമെ, ഗോ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് 6 ലക്ഷത്തോളം ആളുകൾക്ക് പുതുതായി ഫാമിലി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി 250 മില്യൺ ഡോളറിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. കൂടാതെ ഒന്റാരിയോയിലെ മെഡിക്കൽ കോളേജുകളിൽ 95 ശതമാനം സീറ്റുകളും പ്രവിശ്യയിലെ സ്ഥിരതാമസക്കാർക്കായി സംവരണം ചെയ്യുന്ന നിയമവും നിലവിൽ വന്നു. സ്കൂൾ മേഖലകളിൽ സ്പീഡ് ക്യാമറകൾക്ക് പകരം സ്ഥിരമായി മിന്നുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള അവസാന തീയതിയും ഈ മാസത്തോടെ അവസാനിക്കുകയാണ്. ഒന്റാറിയോ നിവാസികൾ ഈ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം പുതിയ മാസത്തിലെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









