ശനിയാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പ്രവേശനം തടസ്സപ്പെട്ടതായി ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നും വ്യാപക പരാതികൾ. ഈസ്റ്റേൺ അമേരിക്കൻ സമയം രാവിലെ 9 മണിയോടെയാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാങ്കേതിക പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ എന്ന സംവിധാനത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, അമേരിക്കയിൽ നിന്ന് മാത്രം 25,000-ത്തിലധികം പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിൽ നിന്ന് 3,000-ത്തിലധികം പരാതികളും ലഭിച്ചു.
ഡാറ്റാ സെന്റർ തകരാറാണ് ഈ പ്രശ്നത്തിന് കാരണമെന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.X പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം, അറിയിപ്പുകൾ, പ്രീമിയം സേവനങ്ങൾ എന്നിവയെയാണ് ഈ തകരാർ പ്രധാനമായും ബാധിച്ചത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനോ പുതിയ പോസ്റ്റുകൾ കാണാനോ കഴിയാതെ വന്നു.
കമ്പനിയുടെ എഞ്ചിനീയറിംഗ് ടീം ഈ പ്രശ്നം പരിഹരിക്കാൻ രാപ്പകൽ പ്രവർത്തിക്കുന്നതായും ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് ഉടൻ നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ഈ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കൂടുതൽ വിവരങ്ങളുടെ കാത്തിരിപ്പിലാണ് ഉപയോക്താക്കൾ എന്നുമാണ് റിപ്പോർട്ടുകൾ.



