ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിലെ വാനിയർ ഹൈവേയിൽ ഉണ്ടായ രാസചോർച്ചയെത്തുടർന്ന് അധികൃതർ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വാനിയർ ഹൈവേയ്ക്കും വിൽസി റോഡിനും ഇടയിലുള്ള 14 കിലോമീറ്ററോളം ദൂരത്തിലാണ് സോഡിയം കാർബണേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, ക്രോമിയം എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എകദേശം 1,000 ലിറ്ററോളം രാസവസ്തുക്കൾ ചോർന്നതായാണ് നിഗമനം. നിലവിൽ ആരോഗ്യപരമായ ഭീഷണി വളരെ കുറവാണെന്ന് (Low Risk) ന്യൂ ബ്രൺസ്‌വിക്ക് പരിസ്ഥിതി വകുപ്പ് അറിയിച്ചു.
ഈ പാതയിലൂടെ സഞ്ചരിച്ച വാഹനങ്ങളിൽ പറ്റിപ്പിടിച്ചിട്ടുള്ള രാസമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി അലിസൺ ബൊളിവാർഡിന് സമീപം പ്രത്യേക കാർ വാഷ് കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഈ കേന്ദ്രം പ്രവർത്തിക്കും. വാഹനങ്ങളിൽ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള കറകൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഈ ശുചീകരണ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളെയോ സമീപത്തെ കിണറുകളെയോ ഈ ചോർച്ച ബാധിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, വാഹനങ്ങളിലോ മറ്റ് പ്രതലങ്ങളിലോ കാണുന്ന രാസാവശിഷ്ടങ്ങളിൽ നേരിട്ട് തൊടുന്നത് ഒഴിവാക്കണമെന്നും, അഥവാ സമ്പർക്കമുണ്ടായാൽ 15 മിനിറ്റോളം സോപ്പിട്ട് കൈകൾ കഴുകണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചർമ്മത്തിലോ കണ്ണിലോ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ശ്വാസതടസ്സമോ അനുഭവപ്പെടുന്നവർ ഉടൻ തന്നെ 811 എന്ന നമ്പറിൽ വിളിച്ചോ ഡോക്ടറെ കണ്ടോ വൈദ്യസഹായം തേടേണ്ടതാണ്. റോഡുകളുടെ അരികിലും മറ്റുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Work continues Sunday following chemical spill near Fredericton





