വലെൻസിയ: രണ്ട് വർഷം പതിവായി ജോലിക്ക് 40 മിനിറ്റ് നേരത്തെ ഓഫിസിലെത്തിയിരുന്ന ജീവനക്കാരിയെ പുറത്താക്കിയ തൊഴിലുടമയുടെ നടപടി ശരിവച്ച് കോടതി. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
രാവിലെ 7:30-നാണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇവർ 6:45-നും 7:00-നും ഇടയിൽ ഓഫീസിൽ എത്തിയിരുന്നു. ഈ സമയത്ത് ജോലി ചെയ്യാനില്ലാത്തതിനാൽ നേരത്തെ വരേണ്ടതില്ലെന്ന് തൊഴിലുടമ പലതവണ നിർദ്ദേശിച്ചിരുന്നു. എന്നാൽ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ഈ മുന്നറിയിപ്പുകൾ യുവതി തുടർച്ചയായി അവഗണിച്ചു.
നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നത് അനുസരണക്കേടും മോശം പെരുമാറ്റവുമാണെന്ന് തൊഴിലുടമ കോടതിയിൽ വാദിച്ചു. കൂടാതെ, കമ്പനി ക്യാമ്പസിൽ എത്തുന്നതിനു മുൻപ് 19 തവണ കമ്പനിയുടെ ആപ്പ് വഴി ലോഗിൻ ചെയ്യാൻ ശ്രമിച്ചത് ‘വിശ്വാസ വഞ്ചന’യാണെന്നും അവർ ആരോപിച്ചു.
ജോലിസ്ഥലത്തെ നിയമങ്ങൾ പാലിക്കാൻ യുവതി വിസമ്മതിച്ചതായി അലികാന്റെ സോഷ്യൽ കോടതി കണ്ടെത്തുകയും, തൊഴിലുടമയുടെ തീരുമാനം ശരിവയ്ക്കുകയുമായിരുന്നു. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 54 ലംഘിച്ചതായി കണ്ടെത്തിയാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. നേരത്തെ വരരുതെന്ന നിർദ്ദേശം പോലും ഒരു തൊഴിലുടമയുടെ നയമായി കണക്കാക്കാമെന്നും അത് ലംഘിക്കുന്നത് നിയമപരമായി പിരിച്ചുവിടലിന് കാരണമാകുമെന്നും ഈ വിധിയിലൂടെ സ്ഥിരീകരിക്കപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Woman fired for arriving 40 minutes early for work






