കാനഡയിൽ കാലാവസ്ഥ മുന്നറിയിപ്പ്
കാനഡയുടെ ചില ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി എൻവയോൺമെൻറ് കാനഡ. പ്രിൻസ് കൗണ്ടിയിലെ, പ്രത്യേകിച്ച് സമ്മർസൈഡിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ, തിങ്കളാഴ്ച രാത്രിയോടെ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്.
നോവാസ്കോഷിയയിലെ കേപ്പ് ബ്രെറ്റൺ പ്രദേശത്ത് Les Suêtes കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മാബുവിന്റെ വടക്കുഭാഗത്ത് തിങ്കളാഴ്ച രാത്രിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ വരെ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. ശക്തമായ ഈ കാറ്റ് വൈദ്യുതി തടസങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുമെന്ന സാധ്യത ഉണ്ട്.
കാലാവസ്ഥാ മാറ്റങ്ങൾ ഗതാഗതത്തെ കാര്യമായി ബാധിക്കാവുന്ന സാഹചര്യത്തിൽ, ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. അതേസമയം, തണുപ്പുള്ള കാറ്റിനെയും കനത്ത മഞ്ഞ് വീഴ്ചയെയും നേരിടാൻ മുന്‍കരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആവർത്തിച്ചു.






