ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം അടുത്തിടെ ഏറെ കൂടിയിട്ടുണ്ട്.
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിൽ വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ ചിലർ ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളവരാണെങ്കിൽ മറ്റു ചിലർ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുൻപ് ഇല്ലാത്തവരാണ്. ആരും ഹൃദ്രോഗത്തിൽ നിന്ന് മുക്തരല്ല. ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും വരാമെന്നതിനാൽ നാം കരുതിയിരിക്കണം. എന്നാൽ ഓരോ ആളുകളിലും രോഗം വരാനുള്ള സാധ്യതകളിൽ മാത്രമാണ് മാറ്റമുള്ളത്. അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നതിന് മുൻപ് തങ്ങൾ ഏത് റിസ്ക് വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തിയ ശേഷം മാത്രം ജിമ്മിൽ പോകാൻ ആരംഭിക്കുന്നതാണ് നല്ലത്.
ഹൃദ്രോഗം നേരത്തേ ഉള്ളവർക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും ഇതിലേക്ക് നയിക്കാം. ചില ഹോർമോണുകളുടെ വർധനയും ഹൃദയതാളത്തിലെ വ്യതിയാനങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.ബോഡി ബിൽഡിങ് ചെയ്യുന്നവർ വേഗത്തിൽ ശരീരസൗന്ദര്യം വർധിപ്പിക്കാനായി സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും ഉപയോഗിക്കാറുണ്ട്. ഇത് ഹൃദയപേശികൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ഹൃദയതാളത്തിൽ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യും.പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാൻ ഫിറ്റ്നസ് ഫ്രീക്കുകൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
40 വയസ്സിനു ശേഷം ഇടയ്ക്കിടെ ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ പ്രത്യേകിച്ചും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാർഡിയോഗ്രാം, ടിഎംടി, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പോലുള്ള പരിശോധനകൾ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ് നൽകും. ഹൃദ്രോഗത്തിൽ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാൽ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിൽ നിങ്ങൾക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാർ 35-40 വയസ്സാകുമ്പോൾ തന്നെ ആവശ്യമായ പരിശോധനകൾ നടത്തി, ഡോക്ടറെ കണ്ട് അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വർക്ക് ഔട്ടുകൾ പതിയെ ആരംഭിച്ച് ക്രമേണ മാത്രം അവയുടെ തീവ്രത വർധിപ്പിക്കാൻ ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഏത് വ്യായാമത്തിനും വാംഅപ്പ് നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം. അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്. ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ ബ്രേക്ക് എടുക്കാനും വിശ്രമിക്കാനും മറക്കരുത്. അമിതമായ ചൂടും ഈർപ്പവുമുളള ചുറ്റുപാടിൽ വ്യായാമം ഒഴിവാക്കണം. ഇടയ്ക്കിടെ വെളളം സിപ്പ് ചെയ്ത് ശരീരത്തിന്റെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ്.
Will going to the gym cause a heart attack? These are the things to watch out for!



