വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം ഉറപ്പുനൽകുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുമോ എന്നതിനെ ചോദ്യം ചെയ്യുന്ന കേസ് യുഎസ് സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. കുടിയേറ്റക്കാരുടെ മക്കളുടെ പൗരത്വവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി വരാനിരിക്കുന്നത്.
ഡോണൾഡ് ട്രംപ് തൻ്റെ ആദ്യ ദിവസത്തെ ഭരണത്തിൽ തന്നെ ‘Birthright Citizenship അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഈ നീക്കം ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെടുകയും, തുടർന്ന് കീഴ്‌കോടതികൾ ഈ ഉത്തരവിന് സ്റ്റേ ഏർപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഷയം ഇപ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിൻ്റെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്.
ഏകദേശം 160 വർഷമായി യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി രാജ്യത്ത് ജനിക്കുന്ന ആർക്കും യുഎസ് പൗരത്വം ഉറപ്പാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിദേശ സൈനികരുടെയും മക്കൾക്ക് മാത്രമാണ് ഇതിൽ സാധാരണയായി ഇളവുകൾ ഉള്ളത്. “യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിക്കുകയോ സ്വാഭാവികമായി പൗരത്വം നേടുകയോ ചെയ്യുന്ന, അതിൻ്റെ അധികാരപരിധിക്ക് വിധേയരായ എല്ലാവരും യുണൈറ്റഡ് സ്റ്റേറ്റ്സിലെ പൗരന്മാരായിരിക്കും” എന്നാണ് ഈ ഭേദഗതിയിലെ വ്യവസ്ഥ.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരുടെയോ അല്ലെങ്കിൽ താത്കാലിക വിസയിൽ കഴിയുന്നവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കാനാണ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഓർഡർ ശ്രമിച്ചത്. നിയമപരമായ വെല്ലുവിളികളെ തുടർന്ന് നിരവധി ഫെഡറൽ കോടതി ജഡ്ജിമാർ ഈ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് വിധിക്കുകയും, രണ്ട് ഫെഡറൽ സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ഈ ഉത്തരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ ശരിവയ്ക്കുകയും ചെയ്തിരുന്നു.
അനധികൃതമായി യുഎസിൽ താമസിക്കുന്നവരുടെയും താത്കാലിക വിസയിൽ ഉള്ളവരുടെയും മക്കളുടെ പൗരത്വ അവകാശങ്ങളെ സുപ്രീം കോടതി പിന്തുണയ്ക്കുമോ, അതോ ആ അവകാശം അവസാനിപ്പിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കോടതിയുടെ അന്തിമ വിധി. ഈ കേസിൽ സർക്കാരിൻ്റെയും, കുടിയേറ്റ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളും ഉൾപ്പെടുന്ന പരാതിക്കാരുടെയും വാദങ്ങൾ കേൾക്കുന്നതിനുള്ള തീയതി ജസ്റ്റിസുമാർ ഉടൻ പ്രഖ്യാപിക്കും.
ലോകത്ത്, പ്രധാനമായും അമേരിക്കൻ ഭൂഖണ്ഡങ്ങളിലായി, ഏകദേശം 30 രാജ്യങ്ങൾ മാത്രമാണ് തങ്ങളുടെ അതിർത്തിക്കുള്ളിൽ ജനിക്കുന്ന ആർക്കും സ്വയമേവ പൗരത്വം അനുവദിക്കുന്നത്. യുഎസ് ആഭ്യന്തരയുദ്ധത്തിനു ശേഷം, അമേരിക്കയിൽ ജനിച്ച മോചിപ്പിക്കപ്പെട്ട അടിമകളുടെ പൗരത്വം സംബന്ധിച്ച ചോദ്യം പരിഹരിക്കുന്നതിനാണ് 14-ാം ഭേദഗതി പാസാക്കിയത്. അതുകൊണ്ടുതന്നെ ഈ നിയമത്തിന് ഒരു സുപ്രധാന ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Will children born in the United States lose their citizenship?; A crucial case is under consideration






