ഒട്ടാവയിൽ നിന്നുള്ള കാഴ്ച പരിമിതിയുള്ള ഒരു സ്ത്രീക്ക് തന്റെ സർവീസ് ഡോഗിനെ (സഹായിയായ നായ) കാരണം പറഞ്ഞ് ഊബർ ഡ്രൈവർമാർ യാത്ര നിഷേധിക്കുന്നതായി പരാതി. ഊബർ ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ വന്ന് നായയെ കണ്ട ഉടനെ യാത്ര റദ്ദാക്കി പോവുകയാണ് പതിവ്. നിയമപരമായുള്ള അവകാശങ്ങൾ ഉണ്ടായിട്ടും തനിക്ക് നിരന്തരം യാത്ര നിഷേധിക്കപ്പെടുന്നുണ്ടെന്ന് സലോമി സോളമൻ എന്ന ഈ യുവതി പറയുന്നു.
ഓരോ തവണയും യാത്ര നിഷേധിക്കപ്പെടുമ്പോൾ ഹൃദയത്തിൽ ഒരു കുത്തേറ്റത് പോലെയാണ് തോന്നാറുള്ളതെന്ന് സലോമി പറയുന്നു. ഇത് സാധാരണക്കാരിൽ നിന്ന് താൻ വ്യത്യസ്തയാണെന്ന് ഓർമ്മിപ്പിക്കുന്നു. ലയൺസ് ഫൗണ്ടേഷൻ ഓഫ് കാനഡയിൽ പരിശീലനം നേടിയ തന്റെ നായ നഗരത്തിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്നുണ്ടെന്നും എന്നാൽ ചില ഊബർ ഡ്രൈവർമാർക്ക് തനിക്ക് എന്തുകൊണ്ടാണ് ഒരു സർവീസ് ഡോഗ് വേണ്ടത് എന്ന് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചില ഡ്രൈവർമാർ തന്നെ ‘ഊബർ പെറ്റ്സ്’ എന്ന ഓപ്ഷൻ ഉപയോഗിക്കാൻ പറയുന്നുണ്ട്. ഇത് സാധാരണ വളർത്തുനായ്ക്കൾക്ക് വേണ്ടിയുള്ള സേവനമാണ്, ഗൈഡ് ഡോഗുകൾക്ക് വേണ്ടിയുള്ളതല്ല. സേവനങ്ങൾക്ക് തുല്യമായ പ്രവേശനം ലഭിക്കാൻ ഭിന്നശേഷിക്കാർക്ക് നിയമപരമായി അവകാശമുണ്ട്. റൈഡ് ഷെയറിംഗ് ഡ്രൈവർമാർ സർവീസ് ഡോഗുകളുമായി വരുന്ന ആളുകൾക്ക് യാത്രാസൗകര്യം ഒരുക്കണം.
ഊബറിന്റെ വെബ്സൈറ്റിൽ പോലും ഡ്രൈവർമാർ അസിസ്റ്റൻസ് ഡോഗുകളുള്ള യാത്രക്കാരെ ഉൾക്കൊള്ളിക്കണമെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഊബറിൽ നിയമങ്ങൾ നടപ്പാക്കുന്നതായി തോന്നുന്നില്ലെന്ന് സലോമി പറയുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും റോബോട്ടിക് മറുപടികളും ചെറിയ ഓഫറുകളും മാത്രമാണ് ലഭിക്കുന്നത്.
ഒരുതവണ ഒരു ഡ്രൈവർ തന്റെ നായയെ കണ്ടയുടൻ വാഹനം മുന്നോട്ടെടുത്തെന്നും അത് തങ്ങളെ അപകടത്തിൽപ്പെടുത്താറായെന്നും അവർ വെളിപ്പെടുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം ഊബർ അധികൃതർ മാധ്യമങ്ങളോട് യാതൊരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്ന് പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ ചേരുമ്പോൾ തന്നെ ഡ്രൈവർമാർ എല്ലാ നിയമങ്ങളും പാലിക്കാമെന്ന് സമ്മതിക്കുന്നുണ്ട്. സർവീസ് ഡോഗുമായി യാത്ര ചെയ്യുന്നവർക്ക് ആ വിവരം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉൾപ്പെടെ പുതിയ ടൂളുകൾ ഊബർ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഒരു ദിവസം നാലോ അഞ്ചോ തവണ റിപ്പോർട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സലോമി പറയുന്നു. കൂടാതെ, റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ അടുത്ത ഡ്രൈവറെ കണ്ടെത്താൻ ശ്രമിക്കുന്നതിനാൽ നേരത്തെ യാത്ര റദ്ദാക്കിയ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കില്ലെന്നും അവർ പറയുന്നു.
അതുകൊണ്ട് ഓരോ തവണയും സ്ക്രീൻഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ഇത് വളരെ ശ്രമകരമായ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവങ്ങൾ പുറത്തുവന്നതിനാൽ ഊബറിൻ്റെ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സലോമി പറഞ്ഞു. തനിക്ക് മാത്രമല്ല, എല്ലാ ഭിന്നശേഷിക്കാർക്കും വിവേചനമില്ലാത്ത സേവനം ലഭ്യമാക്കാൻ താൻ തുടർന്നും സംസാരിക്കുമെന്നും അവർ അറിയിച്ചു.
'Why Uber if you have a dog?'; Drivers deny ride; Blind woman faces discrimination in Uber






