ഒട്ടാവ: ഈ വർഷം കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം റെക്കോർഡിൽ. 2024-നെക്കാൾ ഉയർന്ന കണക്കുകളാണ് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ടത്. 2025-ലെ ആദ്യ പത്ത് മാസങ്ങളിൽ 2,831 ഇന്ത്യക്കാരെയാണ് കാനഡ പുറത്താക്കിയത്. 2019-ൽ 625 ഇന്ത്യക്കാരെ മാത്രമാണ് കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നത്. എന്നാൽ 2024-ൽ ഇത് 1,997 ആയും 2025-ൽ 2,831 ആയും വർദ്ധിച്ചു. പുറത്താക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കുന്നില്ലെങ്കിലും, അഭയാർത്ഥി ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് ഏറ്റവും കൂടുതൽ പുറത്താക്കലുകൾക്ക് വഴിവെച്ചത്. ആകെ പുറത്താക്കലുകളിൽ 15,605 പേർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. പുറത്താക്കപ്പെട്ടവരിൽ 841 പേർ ദേശീയ സുരക്ഷ, സംഘടിത കുറ്റകൃത്യം, മനുഷ്യാവകാശ ലംഘനങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കാനഡയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ വേഗത്തിൽ പുറത്താക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, അടുത്തിടെ തപാൽ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് ഇന്ത്യൻ പൗരന്മാരെ പുറത്താക്കുന്ന കാര്യം പോലീസ് സിബിഎസ്എയുമായി ചേർന്ന് പരിഗണിക്കുന്നുണ്ട്.
പുറത്താക്കപ്പെട്ട വ്യക്തികൾക്ക് കാനഡയിലേക്ക് മടങ്ങിവരണമെങ്കിൽ ഈ വർഷം മുതൽ ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. യാത്രയ്ക്ക് സർക്കാർ പണം മുടക്കിയെങ്കിൽ, ആ തുക തിരിച്ചടച്ചാൽ മാത്രമേ ഇനി ഇവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കൂ. 1,500 കനേഡിയൻ ഡോളർ ഉണ്ടായിരുന്ന ഈ ഫീസ് 12,800 ഡോളറിലേക്കും 3,800 ഡോളറിലേക്കും വർദ്ധിപ്പിച്ചു. പുറത്താക്കൽ നടപടികൾ പുരോഗമിക്കുന്നവരുടെ കണക്കിലും ഇന്ത്യക്കാർ മുന്നിലാണ്. ആകെ 29,542 പേരിൽ 6,515 പേരും ഇന്ത്യക്കാരാണ്. അഭയം തേടുന്നവരുടെ കൂട്ടത്തിലും ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Why record number of Indians were removed from Canada this year






