സമീപ വർഷങ്ങളിൽ യൂറോപ്പിൽ അസാധാരണവും അതിതീവ്രവുമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ വർധിച്ചുവരികയാണ്. ഉഷ്ണതരംഗങ്ങൾ, വരൾച്ച, കനത്ത മഴ, കാട്ടുതീ എന്നിവ സാധാരണമായിരിക്കുകയാണ്. ഒരു വേനൽക്കാലത്ത് ജർമ്മനിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അതേസമയം ഗ്രീസിലും സ്പെയിനിലും കാട്ടുതീ പടരുന്നത് പതിവായി മാറിയിരിക്കുന്നു. 2023-ലും സമാനമായ സാഹചര്യമാണുണ്ടായത്. വടക്കൻ യൂറോപ്പിൽ കനത്ത മഴ ലഭിച്ചപ്പോൾ തെക്കൻ യൂറോപ്പ് ചുട്ടുപൊള്ളുന്ന ചൂടിലും കാട്ടുതീയുടെ പിടിയിലുമായിരുന്നു.
ഈ കാലാവസ്ഥാ വൈരുദ്ധ്യങ്ങൾക്ക് പ്രധാന കാരണം നോർത്ത് അറ്റ്‌ലാന്റിക് ഓസിലേഷൻ (NAO) എന്ന കാലാവസ്ഥാ പാറ്റേൺ ആണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ അസോറസിനും (തെക്ക്) ഐസ്‌ലൻഡിനും (വടക്ക്) ഇടയിലുള്ള വായു മർദ്ദത്തിലെ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് NAO പ്രവർത്തിക്കുന്നത്. NAO-യിൽ വരുന്ന മാറ്റങ്ങൾ യൂറോപ്പിലുടനീളമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നു. “നെഗറ്റീവ്” NAO ഘട്ടത്തിൽ, വായു മർദ്ദ വ്യത്യാസം കുറവായിരിക്കും. ഇത് സാധാരണയായി വടക്കൻ യൂറോപ്പിൽ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയും തെക്ക് വരണ്ടതും ചൂടുള്ളതുമായ സാഹചര്യങ്ങളും കൊണ്ടുവരുന്നു.
ഒരു “പോസിറ്റീവ്” ഘട്ടത്തിലാണെങ്കിൽ ഇതിന് വിപരീതമാണ് സംഭവിക്കുക. അതായത് വടക്കൻ യൂറോപ്പ് ചൂടേറിയതും വരണ്ടതുമാകുമ്പോൾ തെക്കൻ യൂറോപ്പിൽ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ആഗോളതാപനം NAO-യെ എങ്ങനെ മാറ്റുന്നു എന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റീരിയോളജിയിലെയും ഹാംബർഗ് സർവകലാശാലയിലെയും ശാസ്ത്രജ്ഞർ പഠിച്ചു. ക്വാൻ ലിയുവിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, NAO-യുടെ ശക്തമായ പോസിറ്റീവ്, നെഗറ്റീവ് ഘട്ടങ്ങൾ കൂടുതൽ സാധാരണമാവുകയാണെന്ന് കണ്ടെത്തി.
1850 മുതൽ 2100 വരെയുള്ള കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, വേനൽക്കാലത്തെ NAO ശരാശരി ശക്തി പ്രാപിക്കുക മാത്രമല്ല, അതിലെ വ്യതിയാനങ്ങളും വർധിക്കുകയാണെന്ന് ടീം കണ്ടെത്തി. ഇത് യൂറോപ്പിലെ വേനൽക്കാല കാലാവസ്ഥയിൽ കൂടുതൽ തീവ്രമായ മാറ്റങ്ങൾ വരുത്തുമെന്നാണ് മുന്നറിയിപ്പ്. ഭൂമി ചൂടാകുന്തോറും അസോറസിനും ഐസ്‌ലൻഡിനും ഇടയിലുള്ള മർദ്ദ വ്യത്യാസങ്ങൾ വർദ്ധിക്കുമെന്നും, ഈ ശക്തമായ മാറ്റങ്ങൾ കൂടുതൽ തീവ്രമായ ഉഷ്ണതരംഗങ്ങൾക്കും വരൾച്ചയ്ക്കും, പ്രത്യേകിച്ച് വേനൽക്കാലത്തിന്, വഴിവെക്കുമെന്നുമാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.
ഇത് യൂറോപ്പിലുടനീളമുള്ള കൃഷി, മനുഷ്യന്റെ ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ 40 വർഷത്തിനിടെ തീവ്രമായ NAO ഘട്ടങ്ങൾ 1800-കളുടെ അവസാനത്തേക്കാൾ കൂടുതലായിരുന്നെന്നും ഗവേഷകർ കണ്ടെത്തി. ഈ വർദ്ധിച്ചുവരുന്ന വ്യതിയാനങ്ങൾക്ക് പിന്നിലെ ആഴത്തിലുള്ള കാരണങ്ങൾ പഠിക്കുകയും യൂറോപ്പിന്റെ കാലാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ സാധ്യതയുള്ള ഈസ്റ്റ് അറ്റ്‌ലാന്റിക് പാറ്റേൺ പോലുള്ള മറ്റ് കാലാവസ്ഥാ പാറ്റേണുകൾ പരിശോധിക്കുകയുമാണ് ശാസ്ത്രജ്ഞരുടെ അടുത്ത ലക്ഷ്യം.






