മോൺട്രിയൽ: കാനഡയിലെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുന്നതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കനത്ത തിരിച്ചടി. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ നയപരമായ മാറ്റങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ക്യുബെക്കിലെ ഇംഗ്ലീഷ് സർവകലാശാലകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്പോർട്സ് ടീമുകൾ പിരിച്ചുവിടുന്നതും, അധ്യാപക നിയമനങ്ങൾ മരവിപ്പിക്കുകയും ചെയ്യുന്നത് ക്യാമ്പസ് ജീവിതത്തിന്റെ നിലവാരത്തെ തകർക്കുന്നതായി വിമർശനമുയരുന്നു.
പ്രമുഖ സ്ഥാപനമായ മക്ഗിൽ യൂണിവേഴ്സിറ്റി അടുത്ത സീസണായ 2026/2027-ലേക്ക് രണ്ട് ഡസനോളം വരുന്ന വാർസിറ്റി, മത്സര കായിക ടീമുകളെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് കാരണമായി സർവ്വകലാശാല ചൂണ്ടിക്കാട്ടുന്നത് ബഡ്ജറ്റ് നിയന്ത്രണമാണ്. സർവ്വകലാശാലയുടെ ട്രാക്ക് ആൻഡ് ഫീൽഡ് പ്രോഗ്രാം നിർത്തലാക്കിയ നടപടിയിൽ ട്രാക്ക് ടീം സഹ-ക്യാപ്റ്റനായ റെബേക്ക വാർച്ചോലാക്ക് കടുത്ത നിരാശ രേഖപ്പെടുത്തി. “തങ്ങളിൽ പലരും ഈ പ്രോഗ്രാമിന്റെ പ്രശസ്തി അറിഞ്ഞാണ് മക്ഗില്ലിൽ എത്തിയത്. പെട്ടെന്നുണ്ടായ ഈ തീരുമാനം വലിയ തിരിച്ചടിയാണ്,” റെബേക്ക പറഞ്ഞു. ഒളിമ്പിക് ചാമ്പ്യനായ ബ്രൂണി സൂരിൻ ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥികൾ ഈ തീരുമാനത്തിനെതിരെ ഓൺലൈൻ വഴി പ്രതിഷേധ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഫെഡറൽ സർക്കാർ വിദേശ വിദ്യാർത്ഥികളുടെ വിസ പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചതും, ക്യുബക്ക് സർക്കാർ ട്യൂഷൻ ഫണ്ടിംഗ് ഘടന മാറ്റിയതും സർവ്വകലാശാലകളുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കി. ഇത് ചോദ്യം ചെയ്ത് കോൺകോർഡിയ യൂണിവേഴ്സിറ്റി നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയിരുന്നു. എങ്കിലും സാമ്പത്തിക ഞെരുക്കം കാരണം 2025-26 ബഡ്ജറ്റിൽ 7.2 ശതമാനം വെട്ടിക്കുറവാണ് കോൺകോർഡിയ പ്രഖ്യാപിച്ചിട്ടുള്ളത്.
അധ്യാപക നിയമനം മരവിപ്പിച്ചു, 63 കരാർ അധ്യാപകരുടെ കാലാവധി നീട്ടിയില്ല, അധ്യാപകരുടെ പഠന അവധിയായ സബറ്റിക്കലുകൾ റദ്ദാക്കി ഇത്തരം വെട്ടിക്കുറക്കലുകൾ ചെറിയ സാമ്പത്തിക ലാഭം പോലും നൽകാതെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് കോൺകോർഡിയ പ്രൊഫസറും ഫാക്കൽറ്റി അസോസിയേഷൻ പ്രതിനിധിയുമായ സ്റ്റീഫൻ യീഗർ അഭിപ്രായപ്പെട്ടു. “പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്നതിനോ വിദ്യാർത്ഥികൾക്ക് വേണ്ടത് നൽകുന്നതിനോ ഈ തീരുമാനങ്ങൾക്ക് ഒരു യുക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയിലെ കോളേജുകളുടെയും സർവകലാശാലകളുടെയും ദീർഘകാല ക്ഷേമം ഉറപ്പാക്കുന്നതിൽ ഭരണ നേതൃത്വം ശ്രദ്ധിക്കുന്നില്ല എന്ന് യീഗർ വിമർശനമുന്നയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർവ്വകലാശാലാ നേതൃത്വം വിദ്യാർത്ഥികളുമായി കൂടിയാലോചിക്കണം. “വിദ്യാർത്ഥികൾ ട്യൂഷൻ പണം നൽകുന്നത് എന്തിനാണ്, അവർക്ക് എന്താണ് പഠിക്കേണ്ടത് എന്ന് ചോദിച്ചറിയണം. കാനഡയിലെ മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളെ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
why-canadian-university-campus-life-disrupted-by-budget-cuts-new-policies






