ഒരാൾ മരിക്കുന്ന സമയത്ത് തലച്ചോർ പെട്ടെന്ന് പ്രവർത്തനരഹിതമാകില്ലെന്നും, പകരം പഴയ ഓർമ്മകളും സ്വപ്നങ്ങളും ഉണർത്തുന്ന തരത്തിൽ അത് കൂടുതൽ സജീവമാകുമെന്നും വ്യക്തമാക്കി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. യുഎസിലെ ലൂയിസ്‌വില്ലെ സർവകലാശാലയിലെ ന്യൂറോ സർജനായ ഡോ. അജ്മൽ ജെമറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ ജീവിതത്തിലെ നല്ല അനുഭവങ്ങളും പ്രിയപ്പെട്ടവരുടെ മുഖങ്ങളും ഒരു സിനിമ പോലെ കൺമുന്നിൽ മിന്നിമറയുന്നു എന്ന് പറയുന്നതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
തുടർച്ചയായ മസ്തിഷ്ക പരിശോധനയ്ക്ക് (EEG) വിധേയനായിരുന്ന 87 വയസ്സുള്ള ഒരു രോഗി ഹൃദയാഘാതം മൂലം മരിച്ചപ്പോഴാണ് ശാസ്ത്രജ്ഞർക്ക് നിർണ്ണായകമായ ഈ വിവരങ്ങൾ ലഭിച്ചത്. ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമുള്ള 30 സെക്കൻഡുകളിൽ, തലച്ചോറിൽ പ്രത്യേക തരം തരംഗങ്ങൾ (ഗാമാ ആന്ദോളനങ്ങൾ) വലിയ തോതിൽ ഉണ്ടാകുന്നതായി കണ്ടെത്തി. നമ്മൾ സാധാരണയായി ധ്യാനിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും പഴയ കാര്യങ്ങൾ ഓർത്തെടുക്കുമ്പോഴും ഉണ്ടാകുന്ന അതേ മസ്തിഷ്ക തരംഗങ്ങളാണിത്. ഹൃദയം നിലച്ച ശേഷവും കുറച്ചുസമയത്തേക്ക് തലച്ചോറിന്റെ ഈ പ്രവർത്തനം തുടരുമെന്ന് ശാസ്ത്ര മാസികയായ ‘ഫ്രോണ്ടിയേഴ്‌സ് ഇൻ ഏജിംഗ് ന്യൂറോ സയൻസ്’ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു.
മരണത്തോട് അടുക്കുമ്പോൾ ഇരുണ്ട തുരങ്കവും അതിന്റെ അറ്റത്ത് ഒരു വെളുത്ത വെളിച്ചവും കാണുന്നതായി പലരും പറയാറുണ്ട്. ഹൃദയം നിൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും കുറയുന്നത് കാരണം കണ്ണിന്റെ കാഴ്ച മങ്ങുന്ന ‘ടണൽ വിഷൻ’ എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് ശാസ്ത്രം വിശദീകരിക്കുന്നു. കൂടാതെ, ഈ അവസാന നിമിഷങ്ങളിൽ തലച്ചോർ വലിയ അളവിൽ വേദനസംഹാരികളായ രാസവസ്തുക്കൾ (എൻഡോർഫിൻ) പുറപ്പെടുവിക്കും. ഇത് മരണസമയത്തെ ഭയവും വേദനയും കുറയ്ക്കാനും, മനസ്സിന് വലിയൊരു ശാന്തതയും സമാധാനവും നൽകാനും സഹായിക്കുമെന്നും പഠന റിപ്പോർട്ടിലുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
What happens in the body just before death? Scientists make crucial discoveries






