മലയാള സിനിമയിലെ യുവനിരയിലെ പ്രധാന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്ക് മുമ്പേ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് അദ്ദേഹം. എങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിവിൻ പോളിക്ക് കരിയറിൽ മികച്ച വിജയങ്ങൾ നേടാൻ സാധിച്ചിട്ടില്ല. തുടർച്ചയായ പരാജയങ്ങൾ, സ്ക്രീൻ പ്രസൻസിലെ കുറവ് തുടങ്ങിയ ആരോപണങ്ങൾ നിവിൻ്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം നിലവിലെ ഈ സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഈ ആശങ്കകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചില നിരീക്ഷണങ്ങൾ. നിവിൻ പോളി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നേരത്തെ പ്രഖ്യാപിച്ച പല സിനിമകളുടെയും പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, ഡോൾബി ദിനേശൻ, ശേഖര വർമ്മ രാജാവ്, താരം, ബിസ്മി സ്പെഷ്യൽ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നത്. ഈ പ്രൊജക്റ്റുകൾ ഇനി ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ പ്രധാനമായും ഉന്നയിക്കുന്നത്.
എല്ലാ നടന്മാരെയും പോലെ നിവിൻ ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഒരു വിഭാഗം സിനിമാ നിരൂപകരുടെയും ആരാധകരുടെയും അഭിപ്രായം. 2015-ലെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ നിവിൻ പോളി നേടിയ വിജയം അഭൂതപൂർവമായിരുന്നു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നിവിൻ്റെ താടിയും കറുത്ത ഷർട്ടും ഉൾപ്പെടെയുള്ള രൂപം വലിയ തരംഗമായിരുന്നു. എന്നാൽ ആ ഉയർച്ചയ്ക്ക് ശേഷം പെട്ടെന്നുള്ളൊരു പതനം സംഭവിച്ചു. ഫിറ്റ്നസ് ശ്രദ്ധിക്കാത്തതും സ്ഥിരം റോമിയോ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ വൈകിയതുമാണ് വീഴ്ചയ്ക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, നിവിൻ പോളിയുടെ വരാനിരിക്കുന്ന സിനിമകൾ പ്രതീക്ഷ നൽകുന്നവയാണ്. ഏഴ് കടൽ ഏഴ് മലൈ റിലീസിന് ഒരുങ്ങുന്നു. സർവം മായ, ഫാർമ, ബേബിഗേൾ തുടങ്ങിയ സിനിമകൾ പൂർത്തിയായി. കൂടാതെ, ബെൻസിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബി. ഉണ്ണികൃഷ്ണൻ്റെ ഒരു സിനിമയും അവസാന ഘട്ടത്തിലാണ്. നിരൂപക പ്രശംസ നേടിയ ഹേയ് ജൂഡ്, മൂത്തോൻ തുടങ്ങിയ ചിത്രങ്ങൾ നിവിൻ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ അദ്ദേഹത്തിൽ നിന്ന് ഒരു മാസ് തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ ഒരു ഹിറ്റ് സിനിമയിലൂടെ നിവിന് തീർച്ചയായും കരിയർ ഗ്രാഫ് വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.





