വാൻകൂവർ : കാലിഫോർണിയയിലേതുപോലെ വിപുലമായ സംയുക്ത നിരീക്ഷണ സംവിധാനം ആവശ്യമാണെന്ന് സമുദ്ര ഗവേഷകർ വ്യക്തമാക്കുന്നു. സാൻ ഫ്രാൻസിസ്കോ ബേയിൽ ശാസ്ത്രജ്ഞരും ഫെറി ഓപ്പറേറ്റർമാരും പൊതുജനങ്ങളും സംയുക്തമായി ഒരു പ്രത്യേക ആപ്പും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ‘വെയിൽസ്പോട്ടർ’ ക്യാമറകളും ഉപയോഗിച്ചാണ് തിമിംഗലങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നത്.
സാൻ ഫ്രാൻസിസ്കോയിൽ ഫെറി ബോട്ടുകളിലും ദ്വീപുകളിലും സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറകൾക്ക് രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തിലുള്ള തിമിംഗലങ്ങളെ രാപകലില്ലാതെ കണ്ടെത്താനാകും. ബ്രിട്ടീഷ് കൊളംബിയയിലും നിലവിൽ ഈ ക്യാമറകൾ ഉണ്ടെങ്കിലും അവ കരയിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. കപ്പലുകളിൽ ഘടിപ്പിക്കാത്തതിനാൽ ഇവയുടെ നിരീക്ഷണ പരിധി പരിമിതമാണെന്നും കൂടുതൽ നിരീക്ഷകർ രംഗത്തിറങ്ങുന്നതോടെ മാത്രമേ കൂടുതൽ തിമിംഗലങ്ങളെ സംരക്ഷിക്കാൻ സാധിക്കൂ എന്നും വെയിൽസ്പോട്ടർ ചീഫ് സയന്റിസ്റ്റ് ഡാനിയൽ സിറ്റർബാർട്ട് വ്യക്തമാക്കി.
സാൻ ഫ്രാൻസിസ്കോയിൽ ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ‘വെയിൽ സേഫ്’ എന്ന പൊതു ആപ്പുമായി ബന്ധിപ്പിച്ച് ശാസ്ത്രജ്ഞർക്കും നാവികർക്കും പൊതുജനങ്ങൾക്കും തിമിംഗലങ്ങളുടെ സാന്നിധ്യം തത്സമയം ലഭ്യമാക്കുമ്പോൾ കാനഡയിൽ വാണിജ്യ നാവികർക്ക് മാത്രമാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്. കാനഡയിലെ എല്ലാ ഫെറി റൂട്ടുകളിലും ഈ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ ഒരു കപ്പലിടിച്ച് തിമിംഗലം ചത്തതിനെത്തുടർന്ന് വടക്കൻ റൂട്ടിൽ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ബി.സി. ഫെറീസ് അധികൃതർ അറിയിച്ചു.
കപ്പൽ ഗതാഗതം വർദ്ധിച്ചതും കാലാവസ്ഥാ വ്യതിയാനം കാരണം തിമിംഗലങ്ങൾ സഞ്ചാരപാത മാറ്റുന്നതുമാണ് അപകടങ്ങൾ കൂടാൻ കാരണം. കഴിഞ്ഞ വർഷം സാൻ ഫ്രാൻസിസ്കോ ബേയിൽ ചത്ത 21 തിമിംഗലങ്ങളിൽ 40 ശതമാനവും കപ്പലുകൾ ഇടിച്ചാണ് ചത്തതെന്ന് വ്യക്തമാക്കിയ ഗവേഷകർ, വിവിധ ഏജൻസികൾ പരസ്പരം വിവരങ്ങൾ കൈമാറുന്നതിലൂടെ മാത്രമേ ഈ ആഗോള ഭീഷണിയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് കൂട്ടിച്ചേർത്തു.
WhaleSafe app and thermal cameras; Canada to adopt San Francisco model to protect whales
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




