ഓസ്ട്രേലിയ; ദക്ഷിണ ഓസ്ട്രേലിയൻ തീരത്ത് രാവിലെ ഓട്ടത്തിനിറങ്ങുമ്പോഴെല്ലാം കടൽത്തീരത്ത് അടിഞ്ഞുകൂടുന്ന തിമിംഗല വിസർജ്യം ശേഖരിച്ച് വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഒരാളുടെ ‘വ്യത്യസ്ത ശീലം’ ഒടുവിൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലിലേക്ക് നയിച്ചു. സതേൺ റൈറ്റ് തിമിംഗലങ്ങളുടെ ഭക്ഷണരീതിയും കുടലിലെ സൂക്ഷ്മാണുജീവ സമൂഹവും (മൈക്രോബയോം) സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്ന പഠനത്തിലാണ് ഈ സാമ്പിളുകൾ നിർണായകമായത്.
ദക്ഷിണ ഓസ്ട്രേലിയയിലെ ഫൗളേഴ്സ് ബേയിൽ തിമിംഗല നിരീക്ഷണ ടൂർ നടത്തുന്ന ഇ.പി. ക്രൂയിസസിന്റെ ഉടമ റോഡ് കിയോയാണ് വർഷങ്ങളായി ഈ വിസർജ്യസാമ്പിളുകൾ ശേഖരിച്ചിരുന്നത്. ഇവയ്ക്ക് ഭാവിയിൽ ശാസ്ത്രീയ പ്രാധാന്യമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, ഗവേഷകരുടെ ശ്രദ്ധ നേടാൻ ഏറെക്കാലം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഓസ്ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ആഷി പരീഖ് അദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിലെയും ന്യൂസിലൻഡിലെ ഉപ-അന്റാർട്ടിക് മൗംഗഹുക (ഓക്‌ലൻഡ്) ദ്വീപുകളിലെയും സാമ്പിളുകൾക്കൊപ്പം കിയോയുടെ ശേഖരവും ഉൾപ്പെടുത്തി പ്രിറ്റോറിയ, ഒട്ടാഗോ, ഓക്‌ലൻഡ് സർവകലാശാലകളിലെ ഗവേഷകർ സംയുക്ത പഠനം നടത്തി.
ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ആധുനിക മോളിക്യുലർ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. തിമിംഗലങ്ങളുടെ ദേശാടന പാതകളിലും ഭക്ഷണം തേടുന്ന മേഖലകളിലും വന്ന മാറ്റങ്ങൾ ഇവയുടെ ജനനനിരക്കിനെയും പെൺതിമിംഗലങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് അമിത വേട്ടയാടലിനെ തുടർന്ന് വെറും 400-ഓളം മാത്രമായി ചുരുങ്ങിയിരുന്ന സതേൺ റൈറ്റ് തിമിംഗലങ്ങളുടെ എണ്ണം പിന്നീട് ഏകദേശം 15,000 ആയി ഉയർന്നെങ്കിലും കാലാവസ്ഥാ വ്യതിയാനവും അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ കുറവും ഇവയുടെ പ്രധാന ഭക്ഷണമായ ക്രില്ലിന്റെ ലഭ്യതയെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്.
ഗവേഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ, സതേൺ റൈറ്റ് തിമിംഗലങ്ങളുടെ ഭക്ഷണശീലം കരുതിയതിലേറെ വൈവിധ്യമാർന്നതാണെന്നതാണ്. കുഞ്ഞ് ഞണ്ടുകൾ, ചെമ്മീൻ, ജെല്ലിഫിഷ്, മാന്റിസ് ശ്രിംപ്, ലോബ്സ്റ്റർ എന്നിവയും ഇവയുടെ ഭക്ഷണപ്പട്ടികയിലുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഇഷ്ടഭക്ഷണമായ ക്രില്ലിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മറ്റ് ഭക്ഷണസ്രോതസുകളിലേക്ക് മാറാൻ ഇവയ്ക്ക് കഴിയുന്നുണ്ടാകാമെന്നും അത് കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടാൻ സഹായിച്ചേക്കാമെന്നും ഓക്‌ലൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ എമ്മ കരോൾ വ്യക്തമാക്കി. അതേസമയം, ഇത്തരം ബദൽ ഭക്ഷണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തിമിംഗലങ്ങളുടെ ആരോഗ്യത്തിനും പ്രജനനത്തിനും മതിയാകുമോയെന്ന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
തിമിംഗലങ്ങൾ യഥാർഥത്തിൽ എന്തൊക്കെയാണ് ഭക്ഷിക്കുന്നതെന്ന കാര്യത്തിൽ ഇത്ര വിശദമായ വിവരങ്ങൾ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷക ആഷി പരീഖും വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ ക്രില്ലും മറ്റ് സൂക്ഷ്മ സമുദ്രജീവികളും കുറയുന്ന സാഹചര്യത്തിൽ തിമിംഗലങ്ങൾക്ക് നിലനിൽക്കാൻ കഴിയുന്ന ബദൽ ഭക്ഷണസ്രോതസുകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് ഈ പഠനം പുതിയ വഴിതുറക്കുന്നതായും അവർ പറഞ്ഞു.
അതേസമയം, തിമിംഗലത്തിന്റെ വിസർജ്യത്തെക്കുറിച്ചുള്ള പൊതുധാരണയും കിയോ തിരുത്തുന്നു. “ആളുകൾ ആറടി നീളമുള്ള എന്തെങ്കിലും പ്രതീക്ഷിക്കും. പക്ഷേ യഥാർഥത്തിൽ അത് കളിമണ്ണുപോലുള്ള രൂപവും ഏകദേശം ഒരു ഗ്രേപ്‌ഫ്രൂട്ടിന്റെ വലിപ്പവുമാണ്,” അദ്ദേഹം പറഞ്ഞു. “ഇനി തിമിംഗല വിസർജ്യം വേണമെന്നുള്ള ഗവേഷകരെ ഇപ്പോഴും ഞാൻ അന്വേഷിക്കുകയാണ്. അതിൽ എനിക്കുള്ളത്ര താൽപര്യമുള്ളവരെ കണ്ടെത്തുക അത്ര എളുപ്പമല്ല,” എന്ന അദ്ദേഹത്തിന്റെ തമാശയും ശ്രദ്ധ നേടുകയാണ്.
Whale feces kept in a freezer for years; Australian paves the way for a crucial scientific study.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






