ഒട്ടാവ: കാനഡയിലെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ജീവനക്കാർ പണിമുടക്കിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യത. വേതന വർധനവും ജോലി വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 4,400-ഓളം ഫ്ലൈറ്റ് അറ്റൻഡന്റ്മാരെ പ്രതിനിധീകരിക്കുന്ന സി.യു.പി.ഇ (CUPE) യൂണിയൻ കമ്പനിക്ക് 72 മണിക്കൂർ നീളുന്ന പണിമുടക്ക് നോട്ടീസ് നൽകി. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിക്കും. പണിമുടക്ക് നോട്ടീസിന് മറുപടിയായി കമ്പനി ജീവനക്കാർക്ക് തിരിച്ചടിയെന്നോണം ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
നിലവിൽ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. വിമാനം നിലത്തിറങ്ങി കിടക്കുന്ന സമയത്ത് ജീവനക്കാർ ചെയ്യുന്ന ജോലികൾക്ക് വേതനം നൽകുന്നില്ലെന്നതാണ് യൂണിയന്റെ പ്രധാന പരാതി. എന്നാൽ ‘ക്രെഡിറ്റ് അവർ’ സംവിധാനം വഴിയാണ് എല്ലാ ജോലികൾക്കും വേതനം നൽകുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. സമരം ആരംഭിക്കുകയാണെങ്കിൽ വിമാന സർവീസുകൾ സുരക്ഷിതമായി അവസാനിപ്പിക്കാനും, വിദേശത്തുള്ള വിമാനങ്ങളും ജീവനക്കാരെയും സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കാനും കമ്പനിയും യൂണിയനും തമ്മിൽ കരാറിലെത്തിയിട്ടുണ്ട്.
യാത്രാ തിരക്കുള്ള സമയത്ത് സമരം വരുന്നത് കണക്കിലെടുത്ത് ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള ടിക്കറ്റുകൾ അധിക നിരക്കില്ലാതെ മാറ്റാനോ റദ്ദാക്കാനോ ഉള്ള സൗകര്യം കമ്പനി നൽകിയിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ചാൽ പ്രതിദിനം 600-ലേറെ സർവീസുകളെയും എഴുപതിനായിരത്തോളം യാത്രക്കാരെയും ഇത് ബാധിക്കും. സർവീസുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രക്കാർക്ക് പണം തിരികെ നൽകുകയോ മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Will weekend travel be disrupted? WestJet employees issue strike notice.






