കാനഡയിലെ വിവിധ പ്രവിശ്യകളിൽ ഉഷ്ണതരംഗം, കൊടുങ്കാറ്റ്, വായു മലിനീകരണം എന്നിവ സംബന്ധിച്ച് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. നിലവിൽ, 191 ഉഷ്ണ, കൊടുങ്കാറ്റ് മുന്നറിയിപ്പുകളും 342 വായു ഗുണനിലവാര മുന്നറിയിപ്പുകളുമാണ് വിവിധ പ്രദേശങ്ങളിൽ സജീവമായിട്ടുള്ളത്. കാനഡയുടെ വിശാലമായ ഭൂപ്രദേശത്ത്, ഈ മുന്നറിയിപ്പുകൾ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്റാറിയോ, ക്യൂബെക്ക്, ആൽബർട്ട, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ തുടങ്ങിയ പ്രവിശ്യകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നിലവിലുണ്ട്. കൂടാതെ, ക്യൂബെക്കിലും ഒന്റാറിയോയിലും ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ആൽബർട്ടയിൽ ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ താപനില 30°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും തിങ്കളാഴ്ചയോടെ താപനില കുറയുമെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ 33°C വരെ താപനില എത്താൻ സാധ്യതയുള്ള വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണ ഒന്റാറിയോയിൽ അടുത്ത ആഴ്ച ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും. താപനില ഞായറാഴ്ചയും തിങ്കളാഴ്ചയും കുറഞ്ഞേക്കാമെങ്കിലും ചൊവ്വാഴ്ചയോടെ ചൂടേറിയതും ഈർപ്പമുള്ളതുമായ സാഹചര്യം തിരിച്ചെത്തും. ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 110 കി.മീ. വരെ വേഗതയുള്ള കൊടുങ്കാറ്റും ഒറ്റപ്പെട്ട ചുഴലിക്കാറ്റും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ക്യൂബെക്കിൽ ഞായറാഴ്ച വരെ 40 ഹ്യുമിഡിക്സ് ഉള്ള ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റ്, വലിയ ആലിപ്പഴം, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുള്ള അപകടകരമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, ഒന്റാറിയോ, സസ്‌കാച്ചെവാൻ എന്നീ പ്രദേശങ്ങളിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നിലവിലുണ്ട്. കാട്ടുതീ മൂലമുള്ള പുക ഈ പ്രദേശങ്ങളിൽ വായുവിന്റെ ഗുണ നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാനിറ്റോബയിൽ 65 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. നോർത്ത് വെസ്റ്റ് ടെറിട്ടറികളിലെ ഫോർട്ട് ലിയാർഡ് മേഖലയിലും സംബാ കെയിലും കാട്ടുതീയിൽ നിന്നുള്ള പുക കാരണം വായുവിന്റെ ഗുണനിലവാരം മോശമാണ്. ഇതുമൂലം നേരിയ കണ്ണെരിച്ചിൽ, മൂക്കിലെ അസ്വസ്ഥതകൾ, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഠിനമായ ചുമ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ കാനഡയിലെ ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂടിന്റെയും കൊടുങ്കാറ്റിന്റെയും വായു മലിനീകരണത്തിന്റെയും ദൂഷ്യ ഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികളും നടന്നു വരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കും ആരോഗ്യപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും കാനഡ ഗവൺമെന്റിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.






