ടൊറന്റോ: സമീപ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാനഡയിൽ 2025-26 വർഷത്തെ ശീതകാലം “traditional Canadian winter,” പോലെ കൂടുതൽ കഠിനമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കുള്ള വെതർ നെറ്റ്‌വർക്കിന്റെ സീസണൽ പ്രവചന റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണ നിലയിലോ അതിലും താഴെയോ ആകാനാണ് സാധ്യത. അതോടൊപ്പം മഞ്ഞുവീഴ്ചയും മഴയും സാധാരണ നിലയിലോ അതിലും കൂടുതലോ ആകാനും സാധ്യതയുണ്ട്.
ഈ വർഷം ശീതകാലം ശക്തമാകുന്നതിന് പ്രധാനമായും രണ്ട് പ്രകൃതി പ്രതിഭാസങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യത്തേത് പോളാർ വോർട്ടെക്സ് ആണ്.
സാധാരണയായി ആർട്ടിക് മേഖലയിൽ തണുത്ത കാറ്റിനെ തടഞ്ഞുനിർത്തുന്ന ശക്തിയായ ഈ കാറ്റ് ദുർബലമാകുന്നതോടെ, ആർട്ടിക് തണുപ്പ് കാനഡയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് കടന്നുവരാൻ സാധ്യതയുണ്ട്.
രണ്ടാമതായി, പസഫിക് സമുദ്രത്തിലെ താപനിലയെ സ്വാധീനിക്കുന്ന ദുർബലമായ ലാ നിന (La Niña) പ്രതിഭാസം തുടരുന്നത് കാനഡയുടെ പല ഭാഗങ്ങളിലും കൂടുതൽ തണുപ്പും കൊടുങ്കാറ്റുമുള്ള അവസ്ഥയിലേക്ക് നയിച്ചേക്കും. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സംയോജനം തീവ്രമായ തണുപ്പിന് കാരണമായേക്കും.
പ്രദേശങ്ങൾ അനുസരിച്ച് ശൈത്യത്തിന്റെ തീവ്രതയിൽ വ്യത്യാസം വരും. പടിഞ്ഞാറൻ കാനഡയിലെ (മാനിറ്റോബ, സസ്‌കാച്ചെവൻ) തണുപ്പാണ് ഏറ്റവും ശക്തമാകാൻ സാധ്യത. ഇവിടെ തണുപ്പ് അതിന്റെ ഏറ്റവും ഉയർന്ന രൂപത്തിൽ അനുഭവപ്പെടുകയും മാർച്ച് വരെ നീണ്ടുനിൽക്കുകയും ചെയ്യാം.
കിഴക്കൻ കാനഡയിൽ (ഒന്റാറിയോ, ക്യുബെക്ക്) ശീതകാലത്തിന്റെ ആദ്യ പകുതിയിൽ തണുപ്പ് സാധാരണയേക്കാൾ കൂടുതലായിരിക്കും, കൂടാതെ അവധിക്കാലത്തിന് മുമ്പുള്ള ആഴ്ചകളിലും മഞ്ഞുവീഴ്ച വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ അറ്റ്ലാന്റിക് കാനഡയിൽ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും, ന്യൂഫൗണ്ട്ലാൻഡ് പോലുള്ള ചില തെക്കൻ ഭാഗങ്ങളിൽ തണുപ്പ് കുറയാനും മഞ്ഞുവീഴ്ച സാധാരണയേക്കാൾ കുറയാനും സാധ്യതയുണ്ട്.
ചൂടുള്ള ശീതകാലം അനുഭവിച്ച സമീപ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ സീസൺ തണുപ്പിന്റെ കാര്യത്തിൽ ശക്തമായ തുടക്കമായിരിക്കും നൽകുക. ഡിസംബറും ജനുവരിയും കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് തണുപ്പുള്ളതായിരിക്കും. സ്കീയിംഗ് പോലുള്ള ശീതകാല വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് സന്തോഷ വാർത്തയാണ്. അതോടൊപ്പം, ക്രിസ്മസ് ദിനത്തിൽ രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada will get colder: Weather forecast predicts harsher winter of 2025-26






