ഈ വർഷം അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസൺ സാധാരണയേക്കാൾ ശാന്തമാണെങ്കിലും, വരും ദിവസങ്ങളിൽ സ്ഥിതി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രിൻസ് എഡ്വേർഡ് ദ്വീപിലെ (P.E.I) വൈദ്യുതി വിതരണ കമ്പനി, മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. ഉയർന്ന കാറ്റുള്ള സാഹചര്യങ്ങളിൽ, മരങ്ങൾ വീഴുന്നത് വൈദ്യുതി വിതരണ ലൈനുകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് മാരിടൈം ഇലക്ട്രിക് വക്താവ് കിം ഗ്രിഫിൻ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. ഇതോടൊപ്പം, പവർ ഔട്ടേജുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംപ് പമ്പുകൾ (സെപ്റ്റിക് ടാങ്കുകൾ) പരിശോധിക്കാനും വീട്ടുമുറ്റത്തെ സാധനങ്ങൾ സുരക്ഷിതമാക്കാനും കമ്പനി ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അറ്റ്ലാന്റിക് തടത്തിൽ സാധാരണഗതിയിൽ ഈ സമയം ഏകദേശം ഒൻപത് കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ടെന്ന് എൻവയോൺമെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകൻ ഇയാൻ ഹബ്ബാർഡ് പറഞ്ഞു.
എന്നാൽ ഈ വർഷം ഇതുവരെ ആറ് പേരുള്ള കൊടുങ്കാറ്റുകൾ മാത്രമാണുണ്ടായത്. സാധാരണഗതിയിൽ നാല് കൊടുങ്കാറ്റുകൾ ചുഴലിക്കാറ്റായി മാറാറുണ്ട്. എന്നാൽ ഇത്തവണ എറിൻ എന്ന ഒരു കൊടുങ്കാറ്റ് മാത്രമാണ് വലിയ ചുഴലിക്കാറ്റായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശാന്തമായ അവസ്ഥ അധികം നീണ്ടുനിൽക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കൊടുങ്കാറ്റുകളുടെ രൂപീകരണം തടയുന്ന ‘വെർട്ടിക്കൽ വിൻഡ് ഷിയർ’ കുറയാനും, വായുവിന്റെ വേഗത വർദ്ധിപ്പിക്കുന്ന ‘വെർട്ടിക്കൽ ഇൻസ്റ്റെബിലിറ്റി’ കൂടാനും സാധ്യതയുണ്ടെന്ന് ഹബ്ബാർഡ് ചൂണ്ടിക്കാട്ടി.
നിലവിൽ അറ്റ്ലാന്റിക് സമുദ്രമധ്യത്തിൽ ഒരു ഇടിമിന്നൽ രൂപപ്പെട്ടിട്ടുണ്ടെന്നും, ഇത് അടുത്ത ആഴ്ചയിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രിൻസ് എഡ്വേർഡ് ദ്വീപിലെ എമർജൻസി മെഷേഴ്‌സ് ഓർഗനൈസേഷൻ (EMO) ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആളുകൾ അത്യാവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയ്യാറാക്കണമെന്നും, അതിൽ കുടിവെള്ളം, കേടുകൂടാത്ത ഭക്ഷണം, ആവശ്യമായ മരുന്നുകൾ എന്നിവ ഉൾപ്പെടുത്തണമെന്നും EMO ഡയറക്ടർ ജേസൺ തിസിൽ പറഞ്ഞു. കുടുംബത്തിലെ വളർത്തുമൃഗങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്താനും അദ്ദേഹം നിർദേശിച്ചു.
പ്രവിശ്യാ സർക്കാരും EMO-യും ഫെഡറൽ ഗവൺമെന്റിന്റെ ഹരിക്കെയ്ൻ ഫിയോണ റിക്കവറി ഫണ്ടുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.4 മില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. വലിയ ജനറേറ്ററുകൾ സ്ഥാപിച്ച ഒമ്പത് എമർജൻസി സൈറ്റുകൾ ഇതിന്റെ ഭാഗമായി ഒരുക്കും. കൂടാതെ, 25 കട്ടിലുകൾ, കമ്പിളി പുതപ്പുകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവയടങ്ങിയ 50-ൽ അധികം ഷെൽട്ടർ കിറ്റ് ബോക്സുകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



