വരണ്ട കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, കിണറുകളെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടാവയിലെ ഗ്രാമീണ മേഖലയിലുള്ളവർ ജലം ശ്രദ്ധിച്ചുപയോഗിക്കണമെന്ന് സിറ്റി ഓഫ് ഒട്ടാവ നിർദ്ദേശിച്ചു. സൗത്ത് നേഷൻ കൺസർവേഷൻ അതോറിറ്റി (South Nation Conservation Authority) ‘ലെവൽ 2’ ജലക്ഷാമ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത് നേഷൻ നദീതട പ്രദേശങ്ങളിൽ ‘മിതമായ ജലക്ഷാമം’ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നഗരത്തിന്റെ കേന്ദ്രീകൃത കുടിവെള്ള സംവിധാനത്തെ ആശ്രയിക്കാത്ത എല്ലാ ഉപഭോക്താക്കളോടും അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് 20 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 30 മുതൽ 90 ദിവസത്തിനിടയിൽ ലഭിച്ച മഴയുടെ അളവ് സാധാരണ ലഭിക്കുന്ന മഴയെക്കാൾ വളരെ കുറവാണെന്ന് കൺസർവേഷൻ അതോറിറ്റി അറിയിച്ചു. കുറഞ്ഞ മഴ കാരണം സൗത്ത് നേഷൻ നദിയിലെ നീരൊഴുക്ക് കുറഞ്ഞു. നദിയുടെ പല കൈവഴികളും പൂർണ്ണമായും വറ്റിയെന്നും അധികൃതർ വ്യക്തമാക്കി. ജലം സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വീടുകൾ, ഡ്രൈവ്‌വേകൾ, ഡെക്കുകൾ തുടങ്ങിയവ കഴുകുന്നത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത സമയങ്ങളിൽ ചെടികൾ നനയ്ക്കുന്നത് ഒഴിവാക്കുക, നനയ്ക്കേണ്ടി വന്നാൽ അതിരാവിലെയോ വൈകുന്നേരമോ മാത്രം നനയ്ക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജലം എടുക്കുന്നതിന് പെർമിറ്റുള്ളവർ അതിന്റെ അളവ് പരമാവധി കുറയ്ക്കാനും നിർദ്ദേശമുണ്ട്.
ഒട്ടാവ നഗരത്തിലെ കുടിവെള്ളം ഒട്ടാവ നദിയിൽ നിന്നാണ് എടുക്കുന്നത്. അതിനാൽ വരണ്ട കാലാവസ്ഥ നഗരത്തിലെ കുടിവെള്ള വിതരണത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കാർപ്പ്, മൺസ്റ്റർ, റിച്ച്മണ്ട്, ഗ്രീലി, വാർസ് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളുടെ കാര്യത്തിൽ നിലവിൽ ജലക്ഷാമം ഇല്ലെങ്കിലും, മുൻകരുതലെന്ന നിലയിൽ ഈ സ്ഥലങ്ങളിലെ താമസക്കാരോടും ജലസംരക്ഷണ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, റൈഡൗ വാലി കൺസർവേഷൻ അതോറിറ്റി കെംപ്റ്റ്‌വിൽ ക്രീക്ക്, ജോക്ക് നദി, ലോവർ റൈഡൗ നദി എന്നിവിടങ്ങളിൽ ‘ലെവൽ 1’ ജലക്ഷാമ മുന്നറിയിപ്പും മിസിസിപ്പി വാലി കൺസർവേഷൻ അതോറിറ്റി കാർപ്പ് നദീതടത്തിൽ ‘ലെവൽ 2’ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.






