കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമായി മാറിയ ദുബായ് പിസ്ത ചോക്ലേറ്റുകൾ അടക്കമുള്ള ഉത്പന്നങ്ങൾക്ക് കാനഡയിൽ ഭക്ഷ്യസുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി. പിസ്ത ഉപയോഗിച്ച് നിർമ്മിച്ച ഈ ഉത്പന്നങ്ങളിൽ സൽമൊണല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദുബായ് പിസ്ത & നാഫേ മിൽക്ക് ചോക്ലേറ്റ്, ഹബീബി ബ്രാൻഡിന്റെ പിസ്ത ഉത്പന്നങ്ങൾ, ബക്ലാവ തുടങ്ങിയവയെല്ലാം ഈ മുന്നറിയിപ്പിന്റെ പരിധിയിൽ വരും. ബാധിച്ച ഉത്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) നിർദ്ദേശിച്ചു. ഈ ബാക്ടീരിയ ബാധിച്ച ഉത്പന്നങ്ങൾ കഴിച്ച് കാനഡയിൽ 52 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു, ഇതിൽ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽമൊണല്ല ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഒരുതരം ഭക്ഷ്യവിഷബാധയാണിത്. പനി, തലവേദന, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ബാധിച്ച മൃഗങ്ങളുടെയോ മനുഷ്യരുടെയോ വിസർജ്യങ്ങൾ ഭക്ഷണത്തിൽ കലരുമ്പോഴാണ് ഈ അണുബാധയുണ്ടാകുന്നത്. കോഴിയിറച്ചി, മറ്റ് ഇറച്ചികൾ, മുട്ടകൾ, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവയാണ് സൽമൊണല്ലയുടെ സാധാരണ ഉറവിടങ്ങൾ. പിസ്തയുടെ കാര്യത്തിൽ, വിളവെടുപ്പിന് മുമ്പോ ശേഷമോ പക്ഷികളോ, കീടങ്ങളോ വഴിയോ, മലിനമായ ജലത്തിലൂടെയോ ബാക്ടീരിയ എത്താൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ പറയുന്നു. വിളവെടുപ്പിനായി മരങ്ങൾ കുലുക്കുമ്പോൾ, താഴെ വീഴുന്ന കായകൾ മണ്ണുമായി സമ്പർക്കത്തിൽ വരാനും സാധ്യതയുണ്ട്.
ഉണങ്ങിയ ഭക്ഷണസാധനങ്ങളിൽ സൽമൊണല്ല ബാക്ടീരിയ വളരെക്കാലം നിലനിൽക്കുമെന്നതാണ് ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. പിസ്ത, ബദാം, ചോക്ലേറ്റ്, മൈദ തുടങ്ങിയവയിലെല്ലാം ബാക്ടീരിയ മാസങ്ങളോളം ജീവനോടെയിരിക്കാം. കൂടാതെ, ചോക്ലേറ്റിൽ ചേരുമ്പോൾ സൽമൊണല്ലയ്ക്ക് വയറ്റിലെ ആസിഡിനെ പ്രതിരോധിക്കാൻ കഴിയും. അതിനാൽ, ചെറിയ അളവിൽ ബാക്ടീരിയ ശരീരത്തിലെത്തിയാലും രോഗമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പിസ്ത പോലുള്ള ഉണങ്ങിയ നട്സുകൾക്ക് രണ്ട് വർഷം വരെ സംഭരണ കാലാവധിയുള്ളതിനാൽ, ഈ പ്രശ്നം ഇനിയും നിലനിൽക്കാൻ സാധ്യതയുണ്ടെന്നും പൊതുജനാരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.
നിലവിൽ, ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനും, രോഗം റിപ്പോർട്ട് ചെയ്യാനും സമയമെടുക്കുന്നതിനാൽ, ഈ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഭക്ഷ്യസുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും, ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിപരമായ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
Warning for chocolates with pistachios: Salmonella bacteria present, many people suffer from food poisoning






