സെന്റ് ജോൺ : യു.എസ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതിനെ തുടർന്ന് പ്രവർത്തനങ്ങളിൽ വൻ മാറ്റത്തിനൊരുങ്ങി സെന്റ് ജോൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഓഷ്യൻ സ്റ്റീൽ ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ്. ഒരുകാലത്ത് ഉൽപ്പന്നങ്ങളുടെ 100 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്ന കമ്പനി, കനേഡിയൻ വിപണി കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി പ്രസിഡന്റ് ഹാൻസ് ക്ലോൺ അറിയിച്ചു. 2021-ൽ 70 ശതമാനമായിരുന്ന യു.എസ് കയറ്റുമതി നിലവിൽ അഞ്ച് ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
കനേഡിയൻ വിപണിയിലെ വളർച്ച സുഗമമാക്കുന്നതിനും കമ്പനിയുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്കുമായി കനേഡിയൻ സർക്കാർ 7,50,000 ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കാനഡയിലെ വ്യവസായങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകളും വികസിത സോഫ്റ്റ്‌വെയറുകളും റോബോട്ടിക് വെൽഡിംഗ് സംവിധാനങ്ങളും നടപ്പിലാക്കുമെന്നും കമ്പനി വ്യക്തമാക്കി. കെട്ടിടങ്ങൾ, പാലങ്ങൾ, ഖനന വ്യവസായങ്ങൾ എന്നിവയ്ക്കാവശ്യമായ സ്റ്റീൽ ഗർഡറുകളും അനുബന്ധ ഉപകരണങ്ങളുമാണ് 200 ജീവനക്കാരുള്ള ഈ സ്ഥാപനം നിർമ്മിക്കുന്നത്.
തുടർച്ചയായ യു.എസ് താരിഫ് ഭീഷണികളാണ് പുതിയ വിപണികൾ കണ്ടെത്താൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്ന് പേരന്റ് കമ്പനിയായ ‘ഓഷ്യൻ ക്യാപിറ്റൽ’ പ്രസിഡന്റ് ജോൺ ഇർവിങ് വിലയിരുത്തി. യു.എസ് വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ‘അൽഗോമ സ്റ്റീൽ’ തുടങ്ങിയ പ്രാദേശിക കമ്പനികളിൽ നിന്ന് കൂടുതൽ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാനും കനേഡിയൻ സ്റ്റീൽ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
പ്രതിരോധ മേഖലയിലെ വികസന പദ്ധതികൾ കമ്പനിക്ക് പുതിയ വളർച്ചാ അവസരങ്ങളാകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ബേസ് ഗേജ്‌ടൗണിലെ വികസന പ്രവർത്തനങ്ങളും ഹാലിഫാക്സിൽ പ്ലാൻ ചെയ്തിട്ടുള്ള സബ്‌മറൈൻ ബേസ് വരുന്നതും വാണിജ്യപരമായി പ്രയോജനപ്പെടുത്താമെന്ന് ഹാൻസ് ക്ലോൺ കൂട്ടിച്ചേർത്തു. അതേസമയം, താരിഫ് വർദ്ധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നേരിടുന്ന കനേഡിയൻ വ്യവസായങ്ങളെ സഹായിക്കേണ്ടതുണ്ടെന്ന് സെന്റ് ജോൺ-റോത്‌സെ എം.പി വെയ്ൻ ലോംഗ് ചൂണ്ടിക്കാണിച്ചു.
US tariff threat: Canada’s ‘Ocean Steel’ takes over the market
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





