ലോങ് ബീച്ച് (കലിഫോർണിയ): ലോങ് ബീച്ചിലെ ബെൽമോണ്ട് ഷോറിലെ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്റ്ററൻറിന്റെ ഉടമ ബബിൾജിത് ബബ്ലി കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഡിസംബർ ഒന്നിനാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. ഗ്രീൻ കാർഡ് അപേക്ഷയുടെ അവസാന ഘട്ടമായ ബയോമെട്രിക് വിവരങ്ങൾ കൈമാറാൻ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ നീക്കം. 30 വർഷത്തിലേറെയായി ലോങ് ബീച്ച് കമ്മ്യൂണിറ്റിയിൽ സജീവമായിരുന്ന ബബിൾജിത് ബബ്ലി കൗറിനെ കസ്റ്റഡിയിലെടുത്തത് പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്റ്ററന്റ് നടത്തിവരുന്ന ബബ്ലി കൗർ ലോങ് ബീച്ചിലെ സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. നിയമപരമായ സ്ഥിരതാമസത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്തിയ ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ (ICE) പ്രോസസ്സിങ് സെന്ററിലേക്ക് മാറ്റി. ഇവർക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും കുടുംബത്തിന്റെയും കമ്മ്യൂണിറ്റിയുടെയും നെടുംതൂണായ വ്യക്തിയെ വിട്ടയയ്ക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടുണ്ട്. ലോങ് ബീച്ച് പ്രതിനിധിയും കോൺഗ്രസ് അംഗവുമായ റോബർട്ട് ഗാർഷ്യ, ബബിൾജിത് കൗറിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അധികാരികളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റിയിൽ ഇത്രയും സ്വാധീനമുള്ള ഒരു വ്യക്തിയെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US takes Indian woman into custody unexpectedly; widespread protests erupt



