വാഷിംഗ്ടൺ: അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും റേറ്റിങ് ഏജൻസിയായ മൂഡീസിലെ ചീഫ് ഇക്കോണമിസ്റ്റുമായ മാർക്ക് സാൻഡി മുന്നറിയിപ്പ് നൽകുന്നു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി പ്രവചിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളിലെ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും, മറ്റ് സംസ്ഥാനങ്ങളും ഇതേ പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും തൊഴിൽ സ്ഥിരത ഇല്ലാതാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
നിലവിൽ 2.7% ആയ വാർഷിക പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ 4% ആയി ഉയരുമെന്നാണ് സാൻഡിയുടെ പ്രവചനം. ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഗണ്യമായി കുറയ്ക്കും. അതിനുപുറമെ, തൊഴിൽ രംഗത്ത് അവസരങ്ങൾ കുറയുന്നതും ആശങ്കയുണ്ടാക്കുന്നു. യു.എസ്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം, മെയ്, ജൂൺ മാസങ്ങളിലെ തൊഴിൽ എസ്റ്റിമേറ്റുകൾ 2,58,000 ആയി കുറഞ്ഞു. 2020-ലെ മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂന്ന് മാസത്തെ റിക്രൂട്ട്‌മെന്റ് നിരക്കാണിത്. 2025-ൽ ശരാശരി പ്രതിമാസ തൊഴിൽ വളർച്ച 85,000 ആയി കുറഞ്ഞത് മഹാമാരിക്ക് മുമ്പുള്ള ശരാശരിയായ 177,000-ൽ നിന്ന് വളരെ താഴെയാണ്.
ഉപഭോക്തൃ ചെലവുകളിലെ മാന്ദ്യം, താരിഫുകൾ, ഭവന വിപണിയിലെ പ്രശ്‌നങ്ങൾ, വർധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവയെല്ലാം സാധാരണ അമേരിക്കക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് സാൻഡി വിലയിരുത്തുന്നു. 2008-09-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഉപഭോക്തൃ ചെലവുകളിൽ ഏറ്റവും ദുർബലമായ വളർച്ചയാണ് ഇപ്പോൾ കാണുന്നത്. ആളുകൾ പണം ചെലവഴിക്കുന്നതിൽ പിന്നോട്ട് പോകുമ്പോൾ കമ്പനികളുടെ വരുമാനം കുറയുകയും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ വലിയ സമ്പദ്‌വ്യവസ്ഥകളുള്ള സംസ്ഥാനങ്ങൾ പിടിച്ചു നിൽക്കുമ്പോൾത്തന്നെ, വയോമിങ്, മൊണ്ടാന, മിനസോട്ട, മിസ്സിസിപ്പി, കൻസാസ്, മസാച്യുസെറ്റ്‌സ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ വക്കിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഈ ഘടകങ്ങളെല്ലാം ഒരുമിച്ചു ചേർന്ന് യു.എസ്. സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആശങ്ക. ഉയർന്ന വിലക്കയറ്റം, തൊഴിൽ രംഗത്തെ മന്ദത, ഉപഭോക്തൃ ചെലവിലെ കുറവ്, ഭവന വിപണിയിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് ഒരു ദുരന്തം സൃഷ്ടിക്കാനുള്ള സാധ്യതയെയാണ് സാൻഡി എടുത്തു പറയുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കൻ സർക്കാരിന്റെയും സെൻട്രൽ ബാങ്കിന്റെയും നയപരമായ ഇടപെടലുകൾ നിർണായകമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.





