ഒട്ടാവ: കാനഡയിൽ അഭയം തേടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കടുത്ത നിയമങ്ങളിൽ വിപ്ലവാത്മകമായ മാറ്റം വരുത്തിക്കൊണ്ട് കാർണി സർക്കാർ പുതിയ ഉത്തരവിറക്കി. കാനഡയിൽ അഭയത്തിനായി അപേക്ഷിക്കുന്ന, ഒപ്പം രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളെ നിലവിലെ താല്കാലിക അഭയനിരോധന നിയമത്തിൽ നിന്നും ഒഴിവാക്കാൻ ഇമിഗ്രേഷൻ വകുപ്പ് തീരുമാനിച്ചു. കടുത്ത ഇമിഗ്രേഷൻ നിയമങ്ങളിൽ നിന്നാണ് കുട്ടികൾക്ക് ഇപ്പോൾ വലിയൊരു ആശ്വാസം ലഭിച്ചിരിക്കുന്നത്.
പുതിയ താല്കാലിക പൊതുനയമനുസരിച്ച്, പ്രധാനപ്പെട്ട രണ്ട് കടുത്ത നിയമങ്ങളിൽ നിന്നാണ് കുട്ടികൾക്ക് ഇളവ് ലഭിക്കുക. കാനഡയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം സമർപ്പിക്കുന്ന അഭയ അപേക്ഷകൾ സാധാരണയായി ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡിന്റെ പരിഗണനയ്ക്ക് അയക്കാറില്ലെന്ന ‘വൺ-ഇയർ’ റൂളാണ് ഇതിൽ ആദ്യത്തേത്. അമേരിക്കയിൽ നിന്നും അനധികൃതമായി അതിർത്തി കടന്ന് കാനഡയിൽ എത്തുന്നവർ 14 ദിവസത്തിനകം അപേക്ഷിക്കണമെന്ന ’14-ഡേ’ റൂളാണ് രണ്ടാമത്തേത്. പുതിയ നിയമത്തോടെ കുട്ടികൾക്ക് ഈ രണ്ട് നിബന്ധനകളിലും വലിയ ഇളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 18 വയസ്സിന് താഴെ പ്രായമുള്ളവരും, കാനഡയിൽ ഒപ്പം മാതാപിതാക്കളോ നിയമപരമായ ഉത്തരവാദിത്തമുള്ള മറ്റ് മുതിർന്നവരോ ഇല്ലാത്തവരുമായ കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അപേക്ഷ നൽകിയ ശേഷം ഇവർക്ക് 18 വയസ്സ് തികഞ്ഞാലും ഈ ഇളവ് നഷ്ടമാകില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ പുതിയ ഇളവ് പൂർണ്ണമായ ഒന്നല്ല. കുട്ടികൾ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്റ്റിലെ മറ്റ് എല്ലാ യോഗ്യതകളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. കൂടാതെ കാനഡയും അമേരിക്കയും തമ്മിലുള്ള ‘സേഫ് തേർഡ് കൺട്രി എഗ്രിമെന്റ്’ നിയമങ്ങളിൽ മാറ്റമുണ്ടാകില്ല. മേയ് 19-ന് മുൻപ് നിരസിക്കപ്പെട്ട അപേക്ഷകൾ ഈ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിഗണിക്കുകയുമില്ല.
ബിൽ സി-12 പാർലമെന്റിൽ ചർച്ച ചെയ്ത സമയത്ത് തന്നെ, രക്ഷിതാക്കളില്ലാതെ എത്തുന്ന കുട്ടികൾക്ക് കാനഡയുടെ സങ്കീർണ്ണമായ നിയമവ്യവസ്ഥകൾ തനിയെ മനസ്സിലാക്കാനും അപേക്ഷകൾ സമർപ്പിക്കാനും പ്രയാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ഈ താല്കാലിക നയം തുടരുമെന്ന് ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം അപേക്ഷാ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല. എന്നാൽ അഭയത്തിനായി അപേക്ഷിക്കുമ്പോൾ തന്നെ തങ്ങൾ ഒപ്പം ആളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്ന കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും വേണം. അഥവാ അപേക്ഷ നിരസിക്കപ്പെട്ടാൽ പോലും ഇവർക്ക് രാജ്യത്ത് നിന്നും പുറത്താക്കപ്പെടുന്നതിന് മുൻപുള്ള അപകടസാധ്യത വിലയിരുത്തുന്ന ‘പ്രീ-റിമൂവൽ റിസ്ക് അസസ്മെന്റിന്’ അപേക്ഷിക്കാൻ സാധിക്കും.
Unaccompanied minors exempted from Canada’s asylum ban
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










