തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾ ഓടുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. നിയമപ്രകാരമുള്ള അനുവാദം വാങ്ങാതെ പ്രവർത്തിക്കുന്ന ഊബർ, ഓല പോലുള്ള കമ്പനികളുടെ പ്രവർത്തനം ഉടൻ തടയുമെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ടാക്സികൾ നിയമപരമായി ഓടുന്നതിന് തടസ്സമില്ല. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓൺലൈൻ ടാക്സികളുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ കോടതി നിർദ്ദേശപ്രകാരം നയത്തിന് രൂപം നൽകിയിട്ടുണ്ട്. ഈ നയം അനുസരിച്ച്, ഊബർ, ഓല തുടങ്ങിയ കമ്പനികൾ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (STA) അനുവാദം വാങ്ങാതെ പ്രവർത്തിച്ചാൽ പിടികൂടുകയും അവരുടെ പ്രവർത്തനം തടയുകയും ചെയ്യുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
നിലവിൽ റാപിഡോ (Rapido) എന്ന കമ്പനി മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ അപേക്ഷ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധിക്കും. ഓൺലൈൻ ടാക്സികൾ സംസ്ഥാനത്തിന് നൽകേണ്ട നികുതിയുമായി ബന്ധപ്പെട്ട ഫീസ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് ഓൺ ലൈൻ ടാക്സി കമ്പനികൾക്ക് ഒരു തടസ്സവുമില്ലെന്നും, എന്നാൽ നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Uber, Ola operations in Kerala are illegal: Minister Ganesh Kumar





