ന്യൂ ഡൽഹി: ഒരു ഇന്ത്യൻ ടെക്കിക്ക് ഊബർ യാത്രക്കിടെ ഓട്ടോ ട്രാൻസ്ലേഷനിൽ നിന്നുണ്ടായ അപ്രതീക്ഷിത ആശയക്കുഴപ്പവും ഭയവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കാർ ബുക്ക് ചെയ്ത് ഏതാനും മിനിറ്റുകൾ കാത്തുനിൽക്കാൻ ആവശ്യപ്പെട്ട മെറ്റാ ജീവനക്കാരനായ അർണവ് ഗുപ്തയ്ക്ക് ഡ്രൈവറിൽ നിന്ന് ലഭിച്ച സന്ദേശം തെറ്റായി പരിഭാഷപ്പെടുത്തിയതിനെ തുടർന്നാണ് സംഭവം. “കൊലപാതക ഭീഷണി നേരിടുന്നു” എന്ന സന്ദേശം കണ്ടതോടെ ടെക്കി വിയർത്തുപോവുകയും ഭയചകിതനാവുകയും ചെയ്തു.
യാത്രയ്ക്കായി കാറിൽ കയറുന്നതിനു മുൻപ്, രണ്ട് മിനിറ്റ് കാത്തുനിൽക്കാനായി അർണവ് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവർ ഉടൻ തന്നെ ‘ഓക്കെ’ എന്ന് മറുപടി നൽകുകയും ചെയ്തു. എന്നാൽ, രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഊബർ ആപ്പിൽ നിന്ന് അപ്രതീക്ഷിതമായി ഒരു നോട്ടിഫിക്കേഷൻ വന്നു: “I am facing the threat of murder” (ഞാൻ കൊലപാതക ഭീഷണി നേരിടുകയാണ്). ഈ സന്ദേശം കണ്ടതോടെ ഡൽഹിയിലെ സാഹചര്യങ്ങൾ ഓർത്ത് താൻ വല്ലാതെ ഭയന്നുപോയെന്ന് അർണവ് ഗുപ്ത ‘എക്‌സി’ൽ കുറിച്ചു.
ഭയം കാരണം വിറയ്ക്കുന്ന വിരലുകളോടെ ആപ്പ് തുറന്നു നോക്കിയപ്പോൾ, ചാറ്റിൽ ഈ സന്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. സന്ദേശം ഓട്ടോ ട്രാൻസ്ലേഷൻ വഴി വന്നതാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ, ജിജ്ഞാസയും ഭയവും കലർന്ന മനസ്സോടെ അദ്ദേഹം “See original” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു. അപ്പോഴാണ് സത്യം പുറത്തുവന്നത്. ഡ്രൈവറുടെ യഥാർത്ഥ സന്ദേശം ഇപ്രകാരമായിരുന്നു: “മദർ ഡയറിക്ക് (Mother Dairy) സാമ്നെ ഹു” (ഞാൻ മദർ ഡയറിയുടെ മുന്നിലാണ്). അതായത്, തന്റെ ലൊക്കേഷൻ അറിയിക്കുക മാത്രമായിരുന്നു ഡ്രൈവർ ചെയ്തത്.
പരിഭാഷയിലെ പിഴവ് മൂലമുണ്ടായ അബദ്ധം മനസിലാക്കിയതോടെയാണ് ടെക്കിക്ക് ആശ്വാസമായത്. താൻ ഏറെ നാളുകൾക്ക് ശേഷം ഇത്ര വലിയൊരാശ്വാസം അനുഭവിച്ചു എന്നാണ് അദ്ദേഹം പോസ്റ്റിൽ രേഖപ്പെടുത്തിയത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓട്ടോ ട്രാൻസ്ലേഷൻ വരുത്തിവെക്കുന്ന അബദ്ധങ്ങളെക്കുറിച്ചുള്ള ചിരിയുണർത്തുന്ന ചർച്ചകൾക്കും ട്രോളുകൾക്കും വഴി തുറന്നു. ഹൊറർ സിനിമകളേക്കാൾ വേഗത്തിൽ ഹൃദയാഘാതം ഉണ്ടാക്കാൻ ഇത്തരം ട്രാൻസ്ലേഷൻ ആപ്പുകൾക്ക് സാധിക്കുമെന്നാണ് ചില ഉപയോക്താക്കൾ തമാശയായി കമന്റ് ചെയ്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Uber ‘murder threat’: Thought he was dead within seconds: Techie’s post goes viral






