അബുദാബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ദ്ധ തൊഴിലാളിക്കുള്ള ഉന്നത ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയും കോഴിക്കോട് സ്വദേശിയുമായ അനസ് കദിയരകം. എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജരാണ് അനസ്.
പുരസ്‌കാരത്തുകയായി ഒരു ലക്ഷം ദിർഹം, ഒരു സ്വർണ്ണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം കാർഡ്, കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചു. വിദഗ്ദ്ധ തൊഴിലാളി വിഭാഗത്തിൽ മാനേജ്‌മെന്റ് ആൻഡ് എക്സിക്യൂട്ടീവ്സ് ശാഖയിലാണ് അനസ് ഈ അംഗീകാരം നേടിയത്. ഈ വിഭാഗത്തിൽ എമ്സ്റ്റീലിലെ സൈബർ സുരക്ഷാ മേധാവി അബ്ദുള്ള അൽബ്രിക്കിയുമായി അദ്ദേഹം പുരസ്‌കാരം പങ്കിട്ടു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാനിധ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഷെയ്ഖ് തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. രാജ്യത്തിന്റെ തൊഴിൽ മേഖലയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനും അവരുടെ സമർപ്പണത്തെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പുരസ്‌കാരം നൽകുന്നത്.
2009-ൽ എൽഎൽഎച്ച് ഡേ കെയർ സെന്ററിൽ എച്ച്ആർ എക്സിക്യൂട്ടീവായിട്ടാണ് അനസ് കാടിയരകം യുഎഇയിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വർഷങ്ങൾകൊണ്ട് ബർജീൽ ഹോൾഡിംഗ്‌സിന്റെ കീഴിലുള്ള ആശുപത്രികളിലെയും പ്രധാന പ്രോജക്റ്റുകളിലെയും എച്ച്ആർ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഉന്നത പദവികളിലേക്ക് അദ്ദേഹം ഉയർന്നു. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ, പ്രത്യേകിച്ചും മഫ്‌റഖ് കോവിഡ്-19 ആശുപത്രിയിലെ അദ്ദേഹത്തിന്റെ നേതൃപരമായ ഇടപെടലുകൾക്ക് ‘ഹീറോസ് ഓഫ് ദി യുഎഇ’ മെഡലും ഒരു ഗോൾഡൻ വിസയും ലഭിച്ചിരുന്നു. ഇത് നിർണ്ണായകമായ ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സേവനത്തിനുള്ള സുപ്രധാനമായ അംഗീകാരമായിരുന്നു.
തന്റെ 16 വർഷത്തെ കരിയറിലെ ഒരു നാഴികക്കല്ലാണ് ഈ അവാർഡ് എന്ന് അനസ് പറഞ്ഞു. പിന്തുണ നൽകിയ കുടുംബത്തോടും ബർജീൽ ഹോൾഡിംഗ്‌സിന്റെ നേതൃത്വത്തോടുമുള്ള നന്ദി അദ്ദേഹം രേഖപ്പെടുത്തി. തന്റെ തൊഴിൽ യാത്രയ്ക്ക് രൂപം നൽകിയ ഈ രാജ്യത്തിന് തിരികെ നൽകാനുള്ള വഴിയാണ് ഈ അംഗീകാരമെന്നും, സഹായകരമായതും വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതുമായ തൊഴിലിടങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് തനിക്ക് പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
UAE’s Best Skilled Worker Award goes to Kozhikode native:






