വാഷിങ്ടൺ: വിസ ഇല്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ വരുന്നു. വിസ വേവർ പ്രോഗ്രാമിൽ (Visa Waiver Program) ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങളും മറ്റ് സ്വകാര്യ ഡാറ്റകളും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് നൽകേണ്ടി വന്നേക്കും. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ആണ് ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ESTA) അപേക്ഷയിൽ പുതിയ വിവരങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും (യൂസർ നെയിമുകൾ) നൽകണം.കഴിഞ്ഞ 10 വർഷത്തിനിടെ ഉപയോഗിച്ച ഇമെയിൽ വിലാസങ്ങൾ, കഴിഞ്ഞ 5 വർഷത്തെ ഫോൺ നമ്പറുകൾ എന്നിവയുടെ പട്ടിക നൽകണം. അപേക്ഷകന്റെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ (ജനനസ്ഥലവും ഫോൺ നമ്പറുകളും ഉൾപ്പെടെ) ആവശ്യപ്പെടും. ഇലക്ട്രോണിക് ആയി സമർപ്പിക്കുന്ന ചിത്രങ്ങളിൽ നിന്നുള്ള മെറ്റാഡാറ്റയും നൽകേണ്ടിവരും.
നിലവിൽ 40-ൽ അധികം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 90 ദിവസം വരെ യുഎസിൽ തങ്ങാൻ അനുവദിക്കുന്ന വിസ വേവർ പ്രോഗ്രാമിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള ദേശീയ സുരക്ഷാ ഭീഷണികളെ തടയുന്നതിനും വേണ്ടിയാണ് പുതിയ നിയമമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇത് ഒരു നിർദ്ദേശം മാത്രമാണ്. ഇത് അന്തിമമാക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് 60 ദിവസത്തെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സമയം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
U.S. plan would require some visitors to provide social media information from last 5 years






