ടംബ്ലർ റിഡ്ജ് : കാനഡയെ ഞെട്ടിച്ച് ടംബ്ലർ റിഡ്ജ് വെടിവെയ്പ്പ് നടന്ന സ്കൂൾ കെട്ടിടം ഒടുവിൽ ഓർമ്മയാകുന്നു. നോർത്തേൺ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവസാനഘട്ട പൊളിക്കൽ നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായി. അഞ്ച് പിഞ്ചുകുഞ്ഞുങ്ങളും ഒരു അധ്യാപക സഹായിയും അടക്കം ഏഴു പേരുടെ ജീവനെടുത്ത അക്രമത്തിന് വേദിയായ കെട്ടിടത്തിന്റെ പുറംഭാഗമാണ് തിങ്കളാഴ്ചയോടെ ആദ്യഘട്ടത്തിൽ പൊളിച്ചുമാറ്റുന്നത്.
കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു രാജ്യത്തെ ആകെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം അരങ്ങേറിയത്. സ്വന്തം വീട്ടിൽ രണ്ട് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം സ്കൂളിലേക്ക് ഇരച്ചുകയറിയ അക്രമി അവിടെയും രക്തച്ചൊരിച്ചിൽ നടത്തുകയായിരുന്നു. അക്രമിയെയും പിന്നീട് കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
നാടിനെ ഒന്നാകെ ഉലച്ച ദുരന്തത്തിന്റെ മുറിവുകൾ നിഴലിക്കുന്ന കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി അവിടെ മനോഹരമായ പുൽത്തകിടി നിർമ്മിക്കാനാണ് നിലവിലെ തീരുമാനം. പ്രദേശവാസികളുടെയും വിദ്യാർത്ഥികളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് കടുത്ത സ്വകാര്യതയും മുൻകരുതലുകളും പാലിച്ചാണ് പൊളിക്കൽ പ്രവൃത്തികൾ പുരോഗമിക്കുന്നത്. തകർത്ത കെട്ടിടാവശിഷ്ടങ്ങൾ പ്രാദേശിക ലാൻഡ്‌ഫില്ലിൽ നിക്ഷേപിക്കാതെ നഗരത്തിന് പുറത്തേക്ക് മാറ്റുമെന്നും പീസ് റിവർ സൗത്ത് സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്പർഇന്റൻഡന്റ് ക്രിസ്റ്റി ഫെന്നൽ അറിയിച്ചു.
പ്രദേശത്ത് പുതിയ സ്കൂൾ നിർമ്മിക്കുമെന്ന് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്കൂളിന്റെ നിർമ്മാണത്തിനും പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനുമായി ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ സംയുക്തമായി 200 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. താൽക്കാലികമായി സമീപത്തെ പ്രൈമറി സ്കൂളിനോട് ചേർന്നുള്ള ക്ലാസ് മുറികളിലാണ് നിലവിൽ ഇവിടെത്തെ കുട്ടികളുടെ പഠനം തുടരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









