വാഷിംഗ്ടൺ: അയൽരാജ്യമായ കാനഡയുടെ ഭരണത്തലവനെ സംബോധന ചെയ്യുന്നതിൽ വീണ്ടും വിചിത്രമായ നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ “കാനഡയുടെ ഭാവി ഗവർണ്ണർ” എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപിന്റെ ഈ പരാമർശം.

അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്‌സിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായ ഏഷ്യൻ കാർപ്പ് മത്സ്യങ്ങളെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യുഎസ് ഗവർണ്ണർമാരുമായി നടത്തിയ ചർച്ചയെക്കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് മാർക്ക് കാർണിയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. തടാകങ്ങളെ സംരക്ഷിക്കാൻ യുഎസ് ഗവർണ്ണർമാർക്കൊപ്പം കാനഡയുടെ ‘ഭാവി ഗവർണ്ണർ’ മാർക്ക് കാർണിയും സഹകരിക്കുമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ ഗവർണ്ണർക്ക് തുല്യമായി ട്രംപ് ചിത്രീകരിച്ചത് നയതന്ത്ര വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
മാർക്ക് കാർണിയെ ട്രംപ് ഗവർണ്ണർ എന്ന് വിളിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജനുവരിയിൽ ചൈനയുമായുള്ള കാനഡയുടെ വ്യാപാര ഇടപാടുകളെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പിലും ട്രംപ് ഇതേ പ്രയോഗം നടത്തിയിരുന്നു. കാനഡയെ ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു ഇടത്താവളമായി മാറ്റാനാണ് ‘ഗവർണ്ണർ കാർണി’ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റുപറ്റിയെന്നായിരുന്നു അന്നത്തെ ട്രംപിന്റെ മുന്നറിയിപ്പ്. കാനഡയെ അമേരിക്കയുടെ ഒരു ഉപസംസ്ഥാനമായി ട്രംപ് കാണുന്നുണ്ടോ എന്ന തരത്തിലുള്ള വിമർശനങ്ങൾ അന്നും ഉയർന്നിരുന്നു.
ട്രംപിന്റെ തുടർച്ചയായ പരിഹാസങ്ങളോട് പക്വമായ ഭാഷയിലാണ് മാർക്ക് കാർണി പ്രതികരിച്ചത്. ഇത്തരം ഓരോ ട്വീറ്റുകൾക്കോ ‘ട്രൂത്ത്’ പോസ്റ്റുകൾക്കോ മറുപടി നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ആര് എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കുന്നില്ല, ഇത്തരം പരാമർശങ്ങളെ കൈകാര്യം ചെയ്യാൻ എനിക്കറിയാമെന്ന് കാർണി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത്തരം പ്രസ്താവനകൾ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് കാർണിയുടെ ഈ പ്രതികരണം.
രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തിയ ട്രംപിന്റെ കർക്കശമായ വ്യാപാര നയങ്ങളും കാനഡയുമായുള്ള അതിർത്തി തർക്കങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
trump-refers-to-pm-carney-as-future-governor-of-canada-in-social-media-post
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



