വാഷിംഗ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ കുടിയേറ്റക്കാർക്ക് പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് ട്രംപ് ഭരണകൂടം ഈ പുതിയ നയം വ്യക്തമാക്കിയത്. ട്രക്കിംഗ് രംഗത്തേക്ക് കൂടുതൽ അമേരിക്കൻ പൗരന്മാരെ ആകർഷിക്കുന്നതിനൊപ്പം, കൃത്യമായ രേഖകളില്ലാത്ത കുടിയേറ്റ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിരമിച്ച അമേരിക്കൻ സൈനികർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് (CDL) വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കൃത്യമായ രേഖകളോ ലൈസൻസോ ഇല്ലാതെ ജോലി ചെയ്യുന്ന ചില കുടിയേറ്റ ഡ്രൈവർമാർ രാജ്യത്തെ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് ആരോപിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ നിയമപരമായ രേഖകളുണ്ടായിരുന്ന രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരുടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധന ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങളും ഈ മേഖലയിൽ നിലവിൽ വന്നിട്ടുണ്ട്.
മികച്ച ശമ്പളവും തൊഴിലവസരങ്ങളും കാരണം ഇന്ത്യയിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാരാണ് കഴിഞ്ഞ കുറച്ചുകാലമായി യുഎസിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നത്. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികൾ ഈ രംഗത്തുണ്ട്. പുതിയ നയങ്ങൾ കർശനമായി നടപ്പിലാക്കുന്നതോടെ, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ തൊഴിൽ സുരക്ഷയെ ഇത് ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Trump moves to exclude immigrant truck drivers; is the new policy a setback for Indian workers?






