വാഷിംഗ്ടൺ: 2026-ൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റെടുത്ത വിദേശികൾക്ക് വിസ നടപടികൾ വേഗത്തിലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിനായി വിസ അഭിമുഖങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകളിൽ ഫുട്ബോൾ ആരാധകർക്ക് മുൻഗണന നൽകുന്ന പ്രത്യേക ഷെഡ്യൂളിംഗ് സംവിധാനം വാഷിംഗ്ടൺ ഏർപ്പെടുത്തും. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. ഇതിൽ 11 യുഎസ് നഗരങ്ങളിൽ മത്സരങ്ങൾ നടക്കും.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് കൃത്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി എളുപ്പത്തിൽ അമേരിക്കയിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ പ്രവർത്തിച്ചുവരികയാണെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഭൂരിഭാഗം രാജ്യങ്ങളിലും വിസയ്ക്കായുള്ള കാത്തിരിപ്പ് സമയം 60 ദിവസമോ അതിൽ താഴെയോ ആയി കുറച്ചിട്ടുണ്ട്. വിസ വിതരണം കാര്യക്ഷമമാക്കുന്നതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 400 കോൺസുലർ ഓഫീസർമാരെ അധികമായി നിയമിച്ചതായും ചില രാജ്യങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരട്ടിയാക്കിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
ലോകകപ്പിനായി 50 ലക്ഷം മുതൽ ഒരു കോടി വരെ ആളുകൾ അമേരിക്കയിൽ എത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വൈറ്റ് ഹൗസിൽ പറഞ്ഞു. 212 രാജ്യങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. ലോകകപ്പ് 3000 കോടി ഡോളറിന്റെ (US$30 billion) വരുമാനവും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ടിക്കറ്റ് ലഭിച്ചവർക്ക് വിസ മുൻഗണനാ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2026-ന്റെ തുടക്കത്തിൽ ലഭ്യമാക്കുമെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.






