വാഷിംഗ്ടൺ: അലാസ്കയിലെ നിർണായകമായ യു.എസ്. സെനറ്റ് തെരഞ്ഞെടുപ്പ് ഫലം തടയാൻ നിയമപോരാട്ടം ശക്തമാക്കി ട്രംപ് ഭരണകൂടം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡാൻ സള്ളിവൻ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടാൽ ഫലപ്രഖ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പരിഷ്കരിച്ച ഹർജി കോടതിയിൽ സമർപ്പിച്ചു. ഇതിനുപുറമേ, തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളിൽ 40-ലധികം സമൻസുകളും രേഖകൾ ഹാജരാക്കാനുള്ള നോട്ടീസുകളും അന്വേഷണസംഘം അയച്ചിട്ടുണ്ട്.
വോട്ട് ഭിന്നിപ്പിച്ച് ജയം ഉറപ്പാക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ അതേ പേരിലുള്ള മറ്റൊരാളെ ഡെമോക്രാറ്റുകൾ മത്സരരംഗത്തിറക്കിയെന്നാണ് നീതിന്യായ വകുപ്പിന്റെ പ്രധാന ആരോപണം. ഡെമോക്രാറ്റിക് സ്ഥാനാർഥി മേരി പെൽറ്റോളയ്ക്ക് അനുകൂലമായി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് അപര സ്ഥാനാർഥിയായ ഡാനിയൽ ജെ. സള്ളിവൻ ജൂനിയറിനെ സ്വതന്ത്രനായി കളത്തിലിറക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് അലാസ്ക ഗവർണർ മൈക്ക് ഡൺലേവിയും ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ ഡെമോക്രാറ്റിക് പാർട്ടി പൂർണമായി തള്ളി. അപര സ്ഥാനാർഥിയുടെ പ്രചാരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് മേരി പെൽറ്റോളയുടെ ക്യാമ്പ് വ്യക്തമാക്കിയിരുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുകയെന്ന ലക്ഷ്യം തനിക്കില്ലെന്ന് ഡാനിയൽ സള്ളിവനും പ്രതികരിച്ചു. അതേസമയം, സ്ഥാനാർഥികൾ നിയമവിരുദ്ധമായി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടില്ലെങ്കിൽ സമാന പേരുള്ളവരെ നിർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നത് നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമല്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
സെനറ്റിലെ ഭൂരിപക്ഷം തീരുമാനിക്കുന്നതിൽ അലാസ്കയിലെ പോരാട്ടം നിർണായകമാണ്. നിലവിൽ 53-47 എന്ന തോതിൽ റിപ്പബ്ലിക്കന്മാർക്കാണ് ഭൂരിപക്ഷം. സെനറ്റ് പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകൾ കൂടി അധികമായി വേണം. അലാസ്കയിലെ നിയമതർക്കം നീണ്ടുപോയാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളോളം സെനറ്റിന്റെ നിയന്ത്രണം ആർക്കെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നേക്കും. അടുത്ത ചൊവ്വാഴ്ചയാണ് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിനിടെ, കാലിഫോർണിയയിൽ പൗരത്വമില്ലാത്തവർ വോട്ട് ചെയ്തെന്ന ആരോപണത്തിലും നീതിന്യായ വകുപ്പ് അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ലോസ് ആഞ്ചലസ് കൗണ്ടി രജിസ്ട്രാർ ഓഫീസിലേക്ക് വിദേശികളുടെ വോട്ടവകാശം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് സമൻസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ മുൻ പ്രസിഡന്റ് ബരാക് ഒബാമ, കമലാ ഹാരിസ്, ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം സജീവമായി രംഗത്തുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




