വിചിത്ര നടപടിയുമായി ക്യുബെക്കിലെ ഒരു ടൗൺ
ക്യുബെക്: വർധിച്ചുവരുന്ന താപനിലയും ടൗണിലെ Heat Island-കളും പ്രതിരോധിക്കുന്നതിനായി ക്യുബെക്കിലെ സെയിന്റ്-അമബിൾ ടൗൺ അസാധാരണമായ ഒരു നടപടി സ്വീകരിച്ചിരിക്കുന്നു. മരങ്ങളില്ലാത്ത വീടുടമകളിൽ നിന്ന് 200 ഡോളർ നികുതി ഈടാക്കാൻ ടൗൺ അധികാരികൾ തീരുമാനിച്ചു.
വായുവിലെ താപനില കുറയ്ക്കുന്നതിനും, വായുനിലവാരം മെച്ചപ്പെടുത്തുന്നതിനും, മഴവെള്ളം ശരിയായി നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന കൂടുതൽ മരങ്ങൾ നടാൻ നിവാസികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നികുതിയുടെ ലക്ഷ്യം. യൂണിവേഴ്സിറ്റി ലവാലിൽ നിന്നുള്ള ഒരു പഠനം ടൗണിലെ കടുത്ത ചൂടുകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമാക്കിയതോടെയാണ് ടൗൺ അധികാരികൾ ഈ തീരുമാനം എടുത്തത്.
“നികുതിയിൽ നിന്ന് ശേഖരിക്കുന്ന തുക മുഴുവനും ടൗണിന്റെ ഹരിത പദ്ധതികളിൽ വീണ്ടും നിക്ഷേപിക്കുന്നുണ്ട്,” എന്ന് ടൗൺ ജനറൽ മാനേജരായ ജീൻ-സെബാസ്റ്റ്യൻ മെനാർഡ് പറഞ്ഞു. “വീടുടമകളെ ശിക്ഷിക്കുകയല്ല, പട്ടണത്തിലെ മരങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് നമ്മുടെ മുഖ്യലക്ഷ്യം,” എന്ന് അദ്ദേഹം വ്യക്തമാക്കി.
സെയിന്റ്-അമബിളിലെ മിക്ക വീടുകളും 2000-ത്തിനുശേഷം നിർമ്മിച്ചവയാണ്. പ്രകൃതിദത്തമായ തണലില്ലാത്തത് തെരുവുകൾ, മേൽക്കൂരകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയിൽ നിന്നുള്ള ചൂടിന്റെ ആഗിരണം വർദ്ധിപ്പിച്ചിട്ടുണ്ട്.
കൃത്രിമബുദ്ധിയും മാപ്പിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മരങ്ങളില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി വീടുടമകൾക്ക് നിയമപാലന നോട്ടീസുകൾ അയച്ചു. നിയമം പാലിക്കാതിരുന്ന 1200 വീടുകളിൽ 800 വീട്ടിലും ഇതിനോടകം മരങ്ങൾ നട്ടുകഴിഞ്ഞു.
ചില നിവാസികൾ കർശന നിയമങ്ങളെക്കുറിച്ച് നിരാശ പ്രകടിപ്പിക്കുമ്പോഴും, മറ്റുള്ളവർ ദീർഘകാല പാരിസ്ഥിതിക ഗുണങ്ങൾ അംഗീകരിക്കുന്നു. Heat Island പ്രഭാവം കുറയ്ക്കുന്നതിൽ വലിയ മരങ്ങൾ ഏറെ ഫലപ്രദമാണെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.ആരംഭത്തിൽ എതിർപ്പുകൾ ഉണ്ടായെങ്കിലും സെയിന്റ്-അമബിൾ അതിന്റെ ഹരിത തന്ത്രത്തോടുള്ള പ്രതിബദ്ധത നിലനിർത്തുന്നു. പട്ടണം സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുഭൂമിയിൽ 12,000 മരങ്ങൾ നട്ടുകഴിഞ്ഞു. ഈ വസന്തകാലത്ത് നിയമപാലനം വീണ്ടും വിലയിരുത്താൻ അധികാരികൾ പദ്ധതിയിടുന്നു. വർഷാവസാനത്തോടെ എല്ലാ സ്ഥലങ്ങളും പുതിയ ആവശ്യകതകൾ നിറവേറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ തണുപ്പുള്ളതും സുസ്ഥിരവുമായ പരിസ്ഥിതിയിലേക്ക് നയിക്കുന്ന ഒരു നിർണ്ണായക ചുവടുവെപ്പായി മാറുമെന്ന് അധികാരികൾ വിശ്വസിക്കുന്നു.






