എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിൽ ഭിന്നശേഷിയുള്ള ഏകദേശം 20,000 കുട്ടികൾക്ക് ആവശ്യമായ ചികിത്സയും സർക്കാർ സഹായങ്ങളും ലഭിക്കാൻ വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്. സംസാരശേഷി, പെരുമാറ്റ പ്രശ്നങ്ങൾ, ഓട്ടിസം ഉൾപ്പെടെയുള്ള വൈകല്യങ്ങൾക്കുള്ള തെറാപ്പികൾ നൽകുന്ന ‘ഫാമിലി സപ്പോർട്ട് ഫോർ ചിൽഡ്രൻ വിത്ത് ഡിസബിലിറ്റീസ്’ (FSCD) പദ്ധതിയുടെ നീണ്ട കാത്തിരിപ്പുപട്ടികയാണ് ആയിരക്കണക്കിന് കുടുംബങ്ങളെ നിലവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതിയിലേക്ക് യോഗ്യത നേടി പ്രാഥമിക കരാറുകൾ പൂർത്തിയാക്കിയിട്ടും, കേസ് വർക്കർമാരുടെ കടുത്ത ക്ഷാമം കാരണമാണ് കുട്ടികൾക്ക് കൃത്യസമയത്ത് സേവനങ്ങൾ ലഭ്യമാകാത്തതെന്ന് പ്രവിശ്യാ ജീവനക്കാരുടെ യൂണിയനായ ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE) വ്യക്തമാക്കി. പല കുടുംബങ്ങളും മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് സഹായത്തിനായി കാത്തിരിക്കുന്നത്.
കുട്ടികൾക്ക് ആവശ്യമായ ചികിത്സ യഥാസമയം ലഭിക്കാത്തത് കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക ബാധ്യതയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നുണ്ട്. ചികിത്സ വൈകുന്നതിനാൽ ചില കുട്ടികളെ ഡേകെയറുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്താക്കുന്ന സാഹചര്യമുണ്ടെന്ന് എഴുന്നൂറിലധികം രക്ഷിതാക്കൾ പങ്കുവെച്ച പ്രതികരണങ്ങളിൽ വ്യക്തമാക്കുന്നു. കുട്ടികളെ പരിചരിക്കാനായി രക്ഷിതാക്കൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയും സ്വകാര്യ ചികിത്സയ്ക്കായി വലിയ തുക കടം വാങ്ങേണ്ടി വരികയും ചെയ്യുന്നു. നിലവിൽ ഓരോ മാസവും ശരാശരി 500 പുതിയ അപേക്ഷകളാണ് പദ്ധതിയിലേക്ക് ലഭിക്കുന്നത്. എന്നാൽ ജനസംഖ്യാ വർധനവിന് അനുസരിച്ച് ഫണ്ടിങ്ങോ ജീവനക്കാരുടെ എണ്ണമോ വർധിച്ചിട്ടില്ലെന്നും, ഒരു കേസ് വർക്കർ നിലവിൽ 120 മുതൽ 150 വരെ കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
പ്രവിശ്യയിലെ ഭിന്നശേഷി സഹായ പദ്ധതി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് മുൻ സാമൂഹിക സേവന മന്ത്രി ജേസൺ നിക്സൺ സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ ആവശ്യങ്ങളുടെ സങ്കീർണതയും സേവനച്ചെലവും വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും, പരിഹാരമായി 2026 ബജറ്റിൽ പദ്ധതിക്കായി 271 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് ആംബർ എഡ്ജർട്ടൺ അറിയിച്ചു. അതേസമയം, ആദ്യഘട്ടത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും സഹായവും ലഭിക്കാത്തത് സ്കൂൾ വിദ്യാഭ്യാസത്തെയും കുട്ടികളുടെ ഭാവിയെയും ബാധിക്കുമെന്ന് വിദഗ്ധരും പ്രതിപക്ഷ പാർട്ടി പ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികൾ കുടുംബങ്ങളിൽ നിന്ന് മാറി ഫോസ്റ്റർ കെയറിലേക്ക് പോകുന്നത് ഒഴിവാക്കാൻ 2004-ൽ ആരംഭിച്ച ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം തന്നെ നിലവിലെ പ്രതിസന്ധി മൂലം അപകടത്തിലായിരിക്കുകയാണെന്ന് അവകാശസംഘടനയായ ഇൻക്ലൂഷൻ ആൽബർട്ട വ്യക്തമാക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Treatment and assistance are delayed; FSCD assistance in Alberta is out of sync; 20,000 children are on the waiting list










