ഒട്ടാവ: ടൊറന്റോയെയും ക്യുബെക്കിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖലയുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലുമായി കാർണി സർക്കാർ. ഈ മെഗാ പ്രോജക്റ്റിനായുള്ള ഭൂമി ഏറ്റെടുക്കലിനോ കൈവശപ്പെടുത്തലിനോ ക്രൗൺ കോർപ്പറേഷന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. കൂടാതെ, ഈ വലിയ റെയിൽവേ പദ്ധതിയെ കനേഡിയൻ ട്രാൻസ്പോർട്ട് ഏജൻസിയുടെ (CTA) സാധാരണ പരിശോധനകളിൽ നിന്ന് ഒഴിവാക്കാനും ബിൽ ലക്ഷ്യമിടുന്നു. $60 മുതൽ $90 ബില്യൺ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് നിയമപരമായി മുൻകൂട്ടി അംഗീകാരം നൽകാനും, ഏജൻസിയെ അംഗീകാരം റദ്ദാക്കുന്നതിൽ നിന്ന് തടയാനും പുതിയ ഹൈ-സ്പീഡ് റെയിൽ നെറ്റ്‌വർക്ക് ആക്റ്റ് നിർദ്ദേശിക്കുന്നു.
കാർണി സർക്കാർ വലിയ പദ്ധതികളുടെ നിർമ്മാണത്തിലെ കാലതാമസം കുറയ്ക്കാൻ ഉദ്ദേശിക്കുന്നതിൻ്റെ ആദ്യ സൂചനയാണിത്. 2025-ലെ ബജറ്റ് നടപ്പാക്കാനുള്ള ലിബറലുകളുടെ ബില്ലിലാണ് ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 1,000 കിലോമീറ്റർ ദൂരമുള്ള, പൂർണ്ണമായും ഇലക്ട്രിക് ലൈനായ ഈ അതിവേഗ റെയിൽ, നിലവിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പദ്ധതിയുടെ പിന്നിലുള്ള ക്രൗൺ കോർപ്പറേഷനായ ആൾട്ടോ (Alto) അവകാശപ്പെടുന്നത്. സാധാരണയായി, പ്രധാന ഗതാഗത അടിസ്ഥാന സൗകര്യ പദ്ധതികൾ കനേഡിയൻ ട്രാൻസ്‌പോർട്ട് ഏജൻസിയുടെയും ഇംപാക്റ്റ് അസസ്മെന്റ് ഏജൻസിയുടെയും (IAAC) രണ്ട് പ്രധാന പരിശോധനകൾക്ക് വിധേയമാകാറുണ്ട്. എന്നാൽ പുതിയ നിയമത്തിലൂടെ CTA-യുടെ അംഗീകാരം ഒഴിവാകുന്നതോടെ, പദ്ധതിക്ക് IAAC യുടെ പാരിസ്ഥിതിക വിലയിരുത്തൽ മാത്രമേ ആവശ്യമായി വരൂ.
പ്രധാന പ്രോജക്റ്റുകളുടെ നിയമപരമായ അംഗീകാരം വേഗത്തിലാക്കുന്നത് എതിർപ്പുകൾക്ക് കാരണമാകാറുണ്ട്.സ്വതന്ത്രമായി പ്രവർത്തിക്കുന്ന റെഗുലേറ്ററി ഏജൻസികളുടെ സൂക്ഷ്മമായ പരിശോധനയില്ലാതെ തന്നെ, വലിയ പദ്ധതികൾക്ക് മുൻകൂട്ടി അംഗീകാരം നൽകാൻ കാബിനറ്റിന് അസാധാരണമായതും വിപുലവുമായ അധികാരങ്ങൾ നൽകുന്നതാണ് ഈ നിയമം. “ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ് ” എന്ന് ഒട്ടാവ യൂണിവേഴ്സിറ്റിയിലെ പ്രൊജക്ട് മാനേജ്‌മെൻ്റ് പ്രൊഫസറായ ലവഗ്നൺ ഇക അഭിപ്രായപ്പെട്ടു. കൂടാതെ, IAAC വഴിയുള്ള പാരിസ്ഥിതിക വിലയിരുത്തൽ മൊത്തത്തിൽ നടത്തുന്നതിനുപകരം, 50 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ചെറിയ ഭാഗങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേകം അവലോകനം നടത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. പുതിയ ബിൽ നിയമമാവുകയാണെങ്കിൽ, പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ ആൾട്ടോയ്ക്ക് (Alto) കൂടുതൽ വേഗത്തിലാക്കാം. ഭൂമിയുടെ ഉടമയുമായി വിലപേശി വാങ്ങാൻ ശ്രമിക്കാതെ തന്നെ, ഭൂമി കൈവശപ്പെടുത്താൻ നേരിട്ട് മന്ത്രിയോട് ആവശ്യപ്പെടാൻ ആൾട്ടോയ്ക്ക് സാധിക്കും. കൂടാതെ, ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആരെങ്കിലും എതിർപ്പ് അറിയിച്ചാൽ പോലും, പൊതുവായ വാദംകേൾക്കലുകൾ (Public Hearings) നടത്തേണ്ട ബാധ്യത ഈ നിയമം ഒഴിവാക്കുന്നു. ഈ കർശനമായ നടപടികൾ സ്വീകരിക്കുന്നത് “പദ്ധതിയുടെ പൂർണ്ണ നിയന്ത്രണം സർക്കാർ നിലനിർത്താൻ വേണ്ടിയാണ്” എന്നാണ് പ്രൊജക്ട് മാനേജ്‌മെൻ്റ് പ്രൊഫസറായ ലവഗ്നൺ ഇകയുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Toronto-Quebec mega rail project: New land acquisition bill in controversy






