ടൊറന്റോ: ബ്രൈഡൽ പാത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘ദി മാക് ഗ്രൂപ്പ്’ സി.ഇ.ഒ ഡേവിഡ് മോർട്ടന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ കവർച്ചാശ്രമം നടന്നു. തോക്കും ചുറ്റികയുമായി എത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഡേവിഡിനും (75) ഭാര്യ ഡോറിയാനയ്ക്കും (64) മക്കളായ രണ്ടു യുവതികൾക്കും (26, 28) ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ 3:45-നാണ് ബേവ്യൂ – ലോറൻസ് അവന്യൂവിന് സമീപമുള്ള വസതിയിൽ അക്രമികൾ അതിക്രമിച്ചു കയറിയത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന്റെ രണ്ടാം നിലയിലെത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടു. വീട്ടുകാർ ഇത് തടയാൻ ശ്രമിച്ചതോടെ അക്രമികൾ വെടിയുതിർക്കുകയും ചുറ്റിക കൊണ്ട് മർദ്ദിക്കുകയുമായിരുന്നു.
വെടിവെപ്പിൽ ഡേവിഡിനും മക്കൾക്കും വെടിയേറ്റു. ഡേവിഡിനെയും ഭാര്യയെയും അക്രമികൾ ചുറ്റിക കൊണ്ടും അടിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ കറുത്ത എസ്.യു.വി കാറിൽ രക്ഷപ്പെട്ടു. 20 വയസ്സ് പ്രായം തോന്നിക്കുന്ന, കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവർ ആയുധധാരികളായതിനാൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





