ടൊറന്റോ: കോവിഡ് മഹാമാരി കാലത്ത് അന്തേവാസികൾ മരിക്കാനിടയായ സംഭവത്തിൽ ടൊറന്റോയിലെ പ്രമുഖ പരിചരണ കേന്ദ്രത്തിനെതിരായ കൂട്ടഹർജി (Class-action lawsuit) പരിഗണിക്കാൻ ഒന്റാരിയോ സുപീരിയർ കോടതി അനുമതി നൽകി. ഡൗൺസ്‌വ്യൂ ലോങ് ടേം കെയർ സെന്ററിനും ഉടമസ്ഥരായ ജെം ഹെൽത്ത്‌കെയർ ഗ്രൂപ്പിനുമെതിരെയാണ് ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി കോടതി നടപടിക്ക് ഉത്തരവിട്ടത്.

2020 ജനുവരി അവസാനം മുതൽ 2023 മേയ് മാസം വരെ കെയർ ഹോമിലുണ്ടായ വിവിധ കോവിഡ് തരംഗങ്ങളിൽ കുറഞ്ഞത് 1,966 താമസക്കാർക്ക് രോഗബാധയുണ്ടായെന്നും 244 പേർ മരിച്ചെന്നുമാണ് ഹർജിയിലെ ആരോപണം. കേന്ദ്രത്തിലെ കോവിഡ് പ്രതിരോധ നടപടികളിലുണ്ടായ ഗുരുതര വീഴ്ചയാണ് ഇത്രയധികം ആളുകളുടെ മരണത്തിന് കാരണമായതെന്ന് ഹർജിക്കാർ വാദിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെ വിചാരണയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, നിയമപരമായി നേരിടുമെന്നുമാണ് സ്ഥാപന അധികൃതരുടെ നിലപാട്.
2020 മേയിൽ കോവിഡ് ബാധിച്ചു മരിച്ച സെല്ലോറ ഗ്രഹാമിന്റെ മകൻ ബില്ലി പവലാണ് കേസിലെ പ്രധാന പരാതിക്കാരിൽ ഒരാൾ. അമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് കേന്ദ്രത്തിൽനിന്ന് ഒരു വിവരവും യഥാസമയം നൽകിയിരുന്നില്ലെന്നും സ്ഥാപനത്തിലെ രോഗവ്യാപനത്തെക്കുറിച്ച് താൻ മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പവൽ ഹർജിയിൽ വ്യക്തമാക്കുന്നു. മേയ് ഒന്നിന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത നിർജലീകരണവും ശ്വാസതടസ്സവും നേരിട്ട അവർ രണ്ടു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ALSO READ: കന്നുകാലികളിലെ ഷാമോണ്ട വൈറസ് ബാധ മനുഷ്യർക്ക് ഭീഷണിയോ? ആരോഗ്യ ഏജൻസികളുടെ വിശദീകരണം
മുറികളിലെ അമിതമായ തിരക്ക്, മതിയായ ജീവനക്കാരില്ലാത്ത സാഹചര്യം, അണുബാധ നിയന്ത്രണത്തിലെ ഗുരുതര പോരായ്മകൾ, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ എന്നിവയും ഹർജിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. സ്ഥാപനത്തിന്റേതായി ആവർത്തിച്ചുണ്ടായ ഇത്തരം വീഴ്ചകൾ പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതും വിദഗ്ധ പരിശോധനകളും തെളിവുകളും ആവശ്യമായ വിഷയവുമായതിനാൽ ഇത് ക്ലാസ് ആക്ഷൻ ഹർജിയായി പരിഗണിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് എഡ്വേർഡ് മോർഗൻ നിരീക്ഷിച്ചു. പ്രാഥമിക ഘട്ടത്തിൽ പരാതിക്കാരുടെ ആരോപണങ്ങളിൽ വസ്തുതാപരമായ അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നുള്ള വിശദമായ വിചാരണയിലാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Toronto Care Home Faces COVID-19 Class Action’




