ഒട്ടാവ: ദേശീയ സുരക്ഷാ പരിശോധനകൾ പൂർത്തിയായതിനെത്തുടർന്ന് കാനഡയിൽ പ്രവർത്തനം തുടരാൻ ടിക് ടോക്കിന് സർക്കാർ അനുമതി നൽകി. പ്രായപൂർത്തിയാകാത്തവർക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കുക, കനേഡിയൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ പ്രധാന നിബന്ധനകളോടെയാണ് തീരുമാനമെന്ന് വ്യവസായ മന്ത്രി മെലാനി ജോളി അറിയിച്ചു. ടിക് ടോക്കിന് രാജ്യത്ത് ഭൗതിക സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ സുരക്ഷാ കാരണങ്ങളാൽ ടിക് ടോക്കിന്റെ കാനഡയിലെ ഓഫീസുകൾ അടച്ചുപൂട്ടാൻ 2024-ൽ പുറപ്പെടുവിച്ച ഉത്തരവാണ് ഇതോടെ റദ്ദാക്കിയത്. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഉത്തരവ് കഴിഞ്ഞ മാസം ഫെഡറൽ കോടതി ജഡ്ജി സ്റ്റേ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ വീണ്ടും പരിശോധന നടത്തിയത്. നിബന്ധനകൾ കമ്പനി കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കൾക്ക് കൂടുതൽ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മെലാനി ജോളി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
TikTok can continue operating in Canada; Government imposes security conditions



