സസ്കാച്ചവാൻ; കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും മൂലം സസ്കാച്ചവാനിൽ ജനജീവിതം ദുസ്സഹമായി. തെക്കുകിഴക്കൻ, ഈസ്റ്റ് സെൻട്രൽ മേഖലകളിൽ ഞായറാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലാവുകയും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. നാലിലധികം സ്ഥലങ്ങളിൽ കാറ്റ് രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ടൊർണാഡോ വീശിയടിച്ചതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതിശക്തമായ മഴയെത്തുടർന്ന് കിപ്ലിംഗ് ടൗണിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. തിങ്കളാഴ്ചയോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട ഇവിടെ അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയ വെള്ളം പമ്പ് ചെയ്ത് കളയാൻ നാട്ടുകാരും പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങളും ജീവനക്കാരും കൈകോർത്തു. തങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികം വെള്ളമാണ് ടൗണിൽ എത്തിയതെന്ന് മേയർ പാറ്റ് ജാക്സൺ വ്യക്തമാക്കി.
കാർലൈൽ, കാൺഡഫ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്. കാർലൈലിലെ കോ-ഓപ്പ് കാർഡ്ലോക്കിന് കേടുപാടുകൾ സംഭവിച്ചു. എസ്തവാൻ, മൂസ് മൗണ്ടൻ പാർക്ക് എന്നിവിടങ്ങളിൽ യഥാക്രമം മണിക്കൂറിൽ 111 കി.മീ, 91 കി.മീ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ആന്റലർ, ബാൽഗോണി തുടങ്ങിയ സ്ഥലങ്ങളിൽ ഗോൾഫ് ബോളിന്റെ വലിപ്പമുള്ള ആലിപ്പഴം വീണതായും റിപ്പോർട്ടുകളുണ്ട്. ബ്രോഡ്‌വ്യൂവിൽ മാത്രം 73.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഡക്ക് മൗണ്ടൻ, ടോർച്ച് റിവർ, ബ്രെഡൻബറി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
പടിഞ്ഞാറൻ മേഖലയിലെ തണുത്ത വായുവും തെക്കൻ യു.എസിൽ നിന്നെത്തിയ ഈർപ്പമേറിയ ചൂടുള്ള വായുവും തമ്മിലുണ്ടായ സമ്പർക്കവും അന്തരീക്ഷത്തിലെ ശക്തമായ വിൻഡ് ഷെയറുമാണ് ഇത്രയും ശക്തമായ കൊടുങ്കാറ്റിന് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകൻ മാറ്റ് ലോണി വിശദീകരിച്ചു. ചൊവ്വാഴ്ചയും സമാനമായ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും പുതിയ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വരും ദിവസങ്ങളിൽ കാലാവസ്ഥ ശാന്തമാകുമെന്നാണ് പ്രവചനം.
Thunderstorms thrash southeast Saskatchewan
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










