വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയ (ബി.സി) തീരങ്ങളിൽ ചത്തടിഞ്ഞ തിമിംഗലങ്ങളുടെ (Grey Whales) എണ്ണം വർദ്ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു. ഏപ്രിൽ മാസത്തിൽ നാല് തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, മെയ് മാസത്തിൽ മൂന്നെണ്ണത്തിനെക്കൂടി തീരത്ത് ചത്തടിഞ്ഞ നിലയിൽ കണ്ടെത്തിയതായി ഫിഷറീസ് വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ഹൈഡ ഗ്വായ് തീരത്താണ് മെയ് 18, 24, 31 തീയതികളിൽ വെവ്വേറെയായി ഈ മൂന്ന് തിമിംഗലങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ബി.സി തീരത്ത് ചത്തുപൊങ്ങിയ തിമിംഗലങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. തിമിംഗലങ്ങളുടെ കൂട്ടമരണത്തിന് റെക്കോർഡിട്ട 2019-ൽ ആകെ 11 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അതിവേഗമാണ് ഈ വർഷം ആ സംഖ്യയിലേക്ക് കാര്യങ്ങളെത്തുന്നത്.
ഏപ്രിലിൽ വാൻകൂവർ ദ്വീപിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നാല് തിമിംഗലങ്ങളിൽ രണ്ടെണ്ണം അങ്ങേയറ്റം മെലിഞ്ഞുണങ്ങിയ (Emaciated) അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.തിമിംഗലങ്ങളുടെ ഈ അവസ്ഥയ്ക്ക് പിന്നിൽ വടക്കൻ സമുദ്രമേഖലകളിലെ കടുത്ത ഭക്ഷണക്ഷാമമാകാം എന്നാണ് പ്രാഥമിക നിഗമനം. ശീതകാല പ്രജനന കാലയളവിൽ ഇവ സാധാരണയായി ഭക്ഷണം കഴിക്കാറില്ല. അതിജീവനത്തിന് ആവശ്യമായ കൊഴുപ്പ് മുൻപ് ലഭിക്കാതിരുന്നതാകാം മരണകാരണം.
തിമിംഗലങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും സാമ്പിൾ ശേഖരണവും പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ ഉണ്ടായേക്കാമെന്നും ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആഗോളതാപനവും സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമാണോ ഈ ഭക്ഷണക്ഷാമത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ പരിശോധിച്ചുവരികയാണ്.
Three more grey whales found dead on B.C.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





