കാനഡയുടെ ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് തെക്കൻ ക്യുബെക്കിൽ അരങ്ങേറിയത്. ട്രക്കിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 44 വിദേശികളെ പോലീസ് സാഹസികമായി പിടികൂടി. ആരും തിരിച്ചറിയാത്ത രീതിയിൽ ഒളിപ്പിച്ചാണ് ഇവരെ കടത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി.
മോശം അവസ്ഥയിലായിരുന്നു കുടിയേറ്റക്കാർ. മതിയായ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ട്രക്കിനുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു അവരെ കണ്ടെത്തിയത്. ഈ സംഘത്തിൽ ഗർഭിണികളും നാല് വയസ്സുള്ള കുട്ടികളും ഉൾപ്പെട്ടിരുന്നു. മിക്കവരും ഹെയ്തിയിൽനിന്നുള്ളവരായിരുന്നു. ഇവരെ കണ്ടപ്പോൾ പോലീസ് പോലും ഞെട്ടിപ്പോയി.
സംഭവത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. യുഎസ് അതിർത്തി കടന്ന് ആളുകളെ കടത്താൻ പദ്ധതിയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി. തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടർ അത് ശക്തമായി എതിർത്തു.
അതിനാൽ, കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഇവരെ തടങ്കലിൽ വെക്കാൻ കോടതി ഉത്തരവിട്ടു. പ്രതികൾക്ക് വീട്ടുകാരുമായി സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്ന് കോടതിയിൽ പറഞ്ഞു. കുടിയേറ്റക്കാരെ സഹായിച്ചതിനും രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു. ഓഗസ്റ്റ് 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.



