ഒട്ടാവ: കാനഡയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസിന് എതിരെ ‘നോട്ടീസ് ഓഫ് ഡിഫോൾട്ട്’ നൽകി കേന്ദ്ര സർക്കാർ. കമ്പനി അവരുടെ ചില വാഹനങ്ങളുടെ ഉത്പാദനം കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റാൻ തീരുമാനിച്ചതാണ് ഈ കടുത്ത നടപടിക്ക് കാരണം. ജോലി സംബന്ധമായ കരാറിലെ ഉറപ്പുകൾ പാലിക്കാത്തതിനാലാണ് സർക്കാർ ഈ നടപടി എടുത്തതെന്ന് വ്യവസായ മന്ത്രി മെലാനി ജോളി ഒട്ടാവയിൽ നടന്ന ഒരു അന്താരാഷ്ട്ര വ്യാപാര സമിതിക്ക് മുന്നിൽ വിശദീകരിച്ചു.
“ഞങ്ങളുടെ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും രാജ്യത്തിനും വേണ്ടി ഞങ്ങൾ ഉറച്ചുനിൽക്കും. ഈ ജോലികളെ പ്രതിരോധിക്കുക എന്നത് കാനഡയുടെ സാമ്പത്തിക നട്ടെല്ലിനെയും എണ്ണമറ്റ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെയും പ്രതിരോധിക്കുന്നതിന് തുല്യമാണ്,” ജോളി പറഞ്ഞു. ബ്രാംപ്ടണിൽ (Brampton, Ont.) നടത്താൻ നിശ്ചയിച്ചിരുന്ന ജീപ്പ് കോമ്പസ് (Jeep Compass) മോഡലിന്റെ ഉത്പാദനം ഇല്ലിനോയിസിലേക്ക് (Illinois) മാറ്റുമെന്ന് സ്റ്റെല്ലാന്റിസ് ഒക്ടോബറിൽ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഈ ഉത്പാദന മാറ്റം ബ്രാംപ്ടൺ, വിൻഡ്‌സർ എന്നിവിടങ്ങളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട ഫെഡറൽ കരാറുകളുടെ ലംഘനമാണെന്ന് മന്ത്രി സമിതിയെ അറിയിച്ചു. സ്റ്റെല്ലാന്റിസും എൽജി എനർജി സൊല്യൂഷനും ചേർന്ന് വിൻഡ്‌സറിൽ തുടങ്ങുന്ന ബാറ്ററി പ്ലാന്റിന് പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഉണ്ടാക്കിയ ഒരു പ്രധാന കരാറാണ് കമ്പനി തെറ്റിച്ചത്. തങ്ങളുടെ കരാറുകൾ ബ്രാംപ്ടണിലെ തൊഴിൽ ഉറപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, അതുകൊണ്ടാണ് സ്റ്റെല്ലാന്റിസിന്റെ നീക്കത്തിൽ സർക്കാർ ഇടപെടുന്നതെന്നും ജോളി വ്യക്തമാക്കി. കരാർ ചർച്ച ചെയ്യുന്ന സമയത്ത് താനായിരുന്നില്ല ചുമതല വഹിച്ചിരുന്നതെങ്കിലും, ഒക്ടോബർ 15-ന് കമ്പനിയുടെ ആഗോള സിഇഒ അന്റോണിയോ ഫിലോസ (Antonio Filosa) അറിയിപ്പ് നൽകിയ ശേഷം താൻ ഉടൻ തന്നെ കരാറുകൾ പരിശോധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിന് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും ഒരു കാരണമാണ്.. കാനഡയിൽ നിർമ്മിക്കുന്ന കാറുകൾ തനിക്ക് വേണ്ടെന്നും, കനേഡിയൻ ഓട്ടോ പ്ലാന്റുകൾ യു.എസിലേക്ക് മാറിയതിനെക്കുറിച്ച് താൻ അഭിമാനിക്കുന്നുവെന്നും ട്രംപ് ഈ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ , ഇനി ആരും ഇത്തരം കരാർ ലംഘനങ്ങൾ നടത്താൻ ശ്രമിക്കേണ്ട എന്ന നിലപാടിലാണ് കാനഡ. ബ്രാംപ്ടൺ ഉൾപ്പെടെയുള്ള കനേഡിയൻ സംരംഭങ്ങളെ പൂർണ്ണമായി നിലനിർത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്റ്റെല്ലാന്റിസിന് ഗണ്യമായ സാമ്പത്തിക പിന്തുണ നൽകിയതെന്നും, ആ പ്രതിബദ്ധത പാലിച്ചില്ലെങ്കിൽ അത് കരാർ ലംഘനമായി കണക്കാക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഒക്ടോബറിൽ തന്നെ കമ്പനിക്ക് കത്തെഴുതിയിരുന്നു. നിലവിൽ, ബ്രാംപ്ടൺ പ്ലാന്റിലെ 3,000-ത്തോളം തൊഴിലാളികൾ ഉത്പാദന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിലച്ചതിനെ തുടർന്ന് ശമ്പളമില്ലാത്ത അവധിയിൽ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada's 'Notice of Default' to Stellantis; 'This is a breach of contract!' Industry Minister explains






