ഒരു ദിവസം നമ്മൾ എത്ര വസ്തുക്കളിൽ സ്പർശിക്കുന്നുണ്ടാവും? നിരുപദ്രവകരമെന്ന് കരുതി നമ്മൾ സാധാരണയായി സ്പർശിക്കുന്ന പല വസ്തുക്കളും ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അണുക്കളും ബാക്ടീരിയകളും നിറഞ്ഞതാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കറൻസി നോട്ടുകളും നാണയങ്ങളുമാണ് ഈ പട്ടികയിലെ പ്രധാന വില്ലൻമാർ. മനുഷ്യചർമം, ഉമിനീർ, മൃഗങ്ങൾ എന്നിവയിൽ നിന്നുള്ള ബാക്ടീരിയകൾ കറൻസിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം പരത്തുന്ന ഇ കോളി, സാൽമോണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളും ഇതിൽ ഉൾപ്പെടും. അതിനാൽ പണം ഉപയോഗിച്ച് കഴിഞ്ഞാലുടൻ കൈകൾ നിർബന്ധമായും കഴുകിയിരിക്കണം.
മെട്രോ സ്റ്റേഷനുകൾ, മാളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ ‘പൊതു ടച്ച് പോയിന്റുകൾ’ ആണ് അണുക്കളുടെ മറ്റൊരു പ്രധാന കേന്ദ്രം. വാതിലുകളിലെ പിടി, എസ്കലേറ്ററുകളിലെ ഹാൻഡ്‌റെയിലുകൾ, ലിഫ്റ്റ് ബട്ടണുകൾ തുടങ്ങിയവയെല്ലാം സ്ഥിരമായി പലരും ഉപയോഗിക്കുന്നതിനാൽ രോഗാണുക്കളാൽ നിറഞ്ഞതാണ്. മെട്രോ, മാളുകൾ എന്നിവിടങ്ങളിലെ ലിഫ്റ്റ് ബട്ടണുകളിൽ ഒരു ടോയ്‌ലെറ്റ് സീറ്റിനേക്കാൾ കൂടുതൽ അണുക്കൾ ഉണ്ടാവാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കൈകൾ സാനിറ്റൈസ് ചെയ്യുകയോ കഴുകുകയോ ചെയ്യുന്നത് രോഗവ്യാപനം തടയാൻ അത്യാവശ്യമാണ്.
റെസ്റ്റോറന്റുകളിലെ മെനു കാർഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒരു മെനു കാർഡിൽ ഏകദേശം 1.8 ലക്ഷം തരം ബാക്ടീരിയകൾ ഉണ്ടാവാമെന്നാണ് ഗവേഷകർ പറയുന്നത്. ഉപഭോക്താക്കളുടെ കൈകളിലൂടെ ഇത് നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്നതിനാലാണിത്. ക്ലിനിക്കുകളിലെ പേനകൾ ഉൾപ്പെടെ നമ്മൾ സ്പർശിക്കുന്ന ഓരോ പ്രതലവും അപകടകരമാണ്. കൂടാതെ, നമ്മൾ എപ്പോഴും കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, പൊതു ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ എന്നിവയെല്ലാം അഴുക്കുകൾ നിറഞ്ഞ ഇടങ്ങളാണ്. ടോയ്‌ലെറ്റ് സീറ്റിനെക്കാൾ കൂടുതൽ ബാക്ടീരിയകൾ നമ്മുടെ മൊബൈൽ ഫോണിൽ ഉണ്ട്.
അടുക്കളയിൽ പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച്, കട്ടിങ് ബോർഡുകൾ, പൊതുസ്ഥലങ്ങളിൽ കാണുന്ന സോപ്പ് ഡിസ്‌പെൻസറുകൾ എന്നിവയെല്ലാം ശുചിത്വം പാലിച്ചില്ലെങ്കിൽ അണുക്കളുടെ കേന്ദ്രമായി മാറും. മറ്റൊരാളുടെ പേന കടം വാങ്ങി ഉപയോഗിക്കുന്നതു പോലും രോഗാണുക്കളെ കൈകളിലേക്കും അവിടെ നിന്ന് മുഖത്തേക്കും പകർത്താൻ സാധ്യതയുണ്ടത്രേ. ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. എങ്കിലും, ഈ പറഞ്ഞ പല വസ്തുക്കളിലും ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അണുക്കൾ ഉണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കി, ശുചിത്വം പാലിക്കുക എന്ന ഒരൊറ്റ പോംവഴിയിലൂടെ മാത്രമേ നമുക്ക് ഈ രോഗാണുക്കളിൽ നിന്ന് രക്ഷ നേടാൻ സാധിക്കൂ.






