ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും അനിവാര്യമായ മാക്രോന്യൂട്രിയന്റാണ് പ്രോട്ടീൻ. ശരീരകലകളുടെ വളർച്ച, പരുക്കുകൾ/വ്യായാമം എന്നിവയ്ക്ക് ശേഷമുള്ള കേടുപാടുകൾ പരിഹരിക്കൽ, ദഹനം, മെറ്റബോളിസം ഉൾപ്പെടെയുള്ള ജൈവരാസപ്രവർത്തനങ്ങൾ, ഹോർമോൺ (ഇൻസുലിൻ ഉൾപ്പെടെ) ഉത്പാദനം, ക്ഷീണിക്കുമ്പോൾ ഊർജ്ജം നൽകൽ എന്നിവയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്.
ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ്, കഠിനമായ ഭക്ഷണനിയന്ത്രണം, ഉയർന്ന പ്രോട്ടീൻ ആവശ്യം (ഗർഭകാലം, രോഗമുക്തി), ശ്രദ്ധയില്ലാത്ത വീഗൻ/സസ്യാഹാര രീതി എന്നിവയെല്ലാം പ്രോട്ടീന്റെ അഭാവത്തിലേക്ക് നയിക്കാം. ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തിയില്ലെങ്കിൽ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
പ്രോട്ടീൻ ഡെഫിഷ്യൻസിയുടെ 7 ലക്ഷണങ്ങൾ:
നീർവീക്കം (Edema): കാലുകളിലും ഉദരത്തിലും വീക്കം ഉണ്ടാകുന്നത് തീവ്രമായ പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്. പ്രോട്ടീൻ കുറയുമ്പോൾ ശരീരം ഫ്ലൂയിഡുകളെ നിലനിർത്തുകയും അത് കലകളിലേക്ക് ലീക്ക് ചെയ്യുകയും ചെയ്യുന്നു.
മസിൽ മാസ് നഷ്ടപ്പെടുക: ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമല്ലെങ്കിൽ പേശീബലവും മസിൽ മാസും കുറയും. ഇത് ശാരീരിക പ്രവൃത്തികൾക്ക് പ്രയാസമുണ്ടാക്കും. ചെറിയ കുറവ് പോലും പേശീക്ഷയത്തിന് (പ്രത്യേകിച്ച് പ്രായമായവരിൽ) കാരണമാവാം.
രോഗപ്രതിരോധ ശേഷി കുറയുക: പ്രോട്ടീൻ കുറവ് രോഗപ്രതിരോധ ശേഷി കുറയ്ക്കും. ആവശ്യത്തിന് ആന്റിബോഡികൾ ഇല്ലാത്തതിനാൽ അണുബാധകളും രോഗങ്ങളും എളുപ്പത്തിൽ പിടിപെടാൻ സാധ്യതയുണ്ട്.
മുടി, ചർമം, നഖം എന്നിവയ്ക്ക് പ്രശ്നങ്ങൾ: ഈ കലകളുടെയെല്ലാം ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ അത്യാവശ്യമാണ്. മുടി കൊഴിച്ചിൽ, നഖങ്ങൾ വിണ്ടുകീറൽ, ചർമം വരളുക എന്നിവയെല്ലാം പ്രോട്ടീൻ കുറവ് കൊണ്ടുണ്ടാകാം.
വിശപ്പ് കൂടുക: പ്രോട്ടീൻ വയറുനിറഞ്ഞ തോന്നൽ കൂടുതൽ നേരം നിലനിർത്താൻ സഹായിക്കും. കുറവ് വരുമ്പോൾ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കാൻ തോന്നുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, മധുരത്തോടുള്ള ആസക്തി കൂടുക എന്നിവ ഉണ്ടാകാം.
മുറിവുകൾ ഉണങ്ങാൻ താമസം: കലകളുടെ വളർച്ചയ്ക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇതിന്റെ കുറവ് മുറിവുകൾ ഉണങ്ങുന്ന പ്രക്രിയയെ വൈകിപ്പിക്കും.
വളർച്ചാ മുരടിപ്പ്: കുട്ടികളിൽ പ്രോട്ടീന്റെ അഭാവം വളർച്ചയും വികാസവും വൈകാൻ കാരണമാകും.
പ്രോട്ടീൻ അഭാവം തടയാൻ:
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കുക: ലീൻ മീറ്റ്, മത്സ്യം, പാൽ ഉത്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
സസ്യാധിഷ്ഠിത പ്രോട്ടീനുകൾ: വീഗൻ/സസ്യാഹാര രീതി പിന്തുടരുന്നവർ ബീൻസ്, പരിപ്പ് വർഗ്ഗങ്ങൾ, ക്വിനോവ, ടോഫു എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പ്രോട്ടീൻ ലഘുഭക്ഷണങ്ങൾ: ഗ്രീക്ക് യോഗർട്ട്, പാൽക്കട്ടി, നട്സ് എന്നിവ പ്രോട്ടീൻ ഉറപ്പാക്കാൻ സഹായിക്കുന്ന ലഘുഭക്ഷണങ്ങളാണ്.
ഓരോ വ്യക്തിക്കും പ്രായം, ലിംഗം, ശാരീരിക പ്രവർത്തന നില, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് ആവശ്യമായ പ്രോട്ടീന്റെ അളവിൽ വ്യത്യാസമുണ്ടാവാം. പ്രോട്ടീൻ കുറവുണ്ട് എന്ന് തോന്നുകയാണെങ്കിൽ വിദഗ്ദ്ധ നിർദ്ദേശപ്രകാരം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
These 7 signs your body will give you if you are low on protein!: Don't ignore them






